കൊച്ചിയിൽ മണിക്കൂറുകളായി കനത്ത മഴ, നഗരം വെളളത്തിൽ; ഗതാഗതക്കുരുക്ക് രൂക്ഷം, തൃശ്ശൂരിലും മഴ ശക്തം


കൊച്ചി: കൊച്ചിയിൽ മണിക്കൂറുകളായി കനത്ത മഴ തുടരുന്നു. മഴ തോരാതെ പെയ്തതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇടപ്പള്ളി, കുണ്ടന്നൂർ, കടവന്ത്ര,എം.ജി.റോഡ്,കാക്കനാട് ഇൻഫോ പാർക്ക് പരിസരം, കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻ്റ് പരിസരം അടക്കമുള്ള സ്ഥലങ്ങളിലാണ് വെള്ളക്കെട്ടുണ്ടായിട്ടുള്ളത്. കടവന്ത്ര ഗാന്ധി നഗറിൽ വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. വൈകിട്ട് 4 മണിയോടെ തുടങ്ങിയ മഴയാണ് കൊച്ചിയിൽ നിർത്താതെ പെയ്യുന്നത്. നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമാണ്.

ലക്ഷദ്വീപിൽ കുടുങ്ങിയവരെ തിരികെ കൊണ്ടുവരാനുള്ള അധിക വിമാന സർവീസ് ഇന്നില്ല. ലക്ഷദ്വീപിൽ കുടുങ്ങിയ യാത്രക്കാരെ കൊണ്ടുവരാനുള്ള അധിക വിമാന സർവീസ് മഴ മൂലം നടത്താനായില്ല. രാവിലെ അഗത്തിയിലേക് സർവീസ് നടത്തി തിരിച്ചുവന്ന വിമാനമാണ് വീണ്ടും അധിക സർവീസിനായി അലൈൻസ് എയർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കനത്ത മഴയെ തുടർന്ന് അധിക സർവീസ് നാളെത്തേക്ക് മാറ്റയതായി അധികൃതർ അറിയിച്ചു.

തൃശൂരിലും കനത്ത മഴ തുടരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.അശ്വിനി ആശുപത്രിയിലും തൊട്ടടുത്തുളള അക്വാറ്റിക്ക് ലൈനിലെ വീടുകളിലും വെള്ളം കയറി. പടിഞ്ഞാറെക്കോട്ടയിൽ ബിഷപ്പ് ഹൗസിന് സമീപം മതിലിടിഞ്ഞ് വീണു.