വീണ്ടും ടിടിഇയ്ക്കുനേരെ കയ്യേറ്റം; മംഗലാപുരം -ചെന്നൈ എക്സ്പ്രസിലെ വനിതാ ടിടിഇയെ തള്ളിമാറ്റി, പ്രതി പിടിയിൽ

വീണ്ടും ടിടിഇയ്ക്കുനേരെ കയ്യേറ്റം; മംഗലാപുരം -ചെന്നൈ എക്സ്പ്രസിലെ വനിതാ ടിടിഇയെ തള്ളിമാറ്റി, പ്രതി പിടിയിൽ

കോഴിക്കോട്: മംഗലാപുരം -ചെന്നൈ എക്സ്പ്രസില്‍ ടിക്കറ്റ് ചോദിച്ചതിന് വനിത ടിടിഇയെ യാത്രക്കാരന്‍ കയ്യേറ്റം ചെയ്തു. ടിടിഇ ആര്‍ദ്ര അനില്‍കുമാറിനെയാണ് യാത്രക്കാരനായ ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായര്‍ കയ്യേറ്റം ചെയ്തത്. ടിക്കറ്റ് ചോദിച്ചപ്പോള്‍ പ്രകോപിനായ ഇയാള്‍ തള്ളി മാറ്റുകയായിരുന്നെന്ന് ടിടിഇ പറഞ്ഞു. ഇന്നലെ വൈകീിട്ട് വടകര പിന്നിട്ടപ്പോഴായിരുന്നു സംഭവം. ട്രെയിന്‍ കോഴിക്കോട്ടെത്തിയപ്പള്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്.

ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ്സിലെ ടിടിഇമാര്‍ക്കുനേരെ ആക്രമണം നടന്ന സംഭവത്തിന് പിന്നാലെയാണ് മംഗലാപുരം- ചെന്നൈ എക്സ്പ്രസിലെ ടിടിഇയ്ക്കുനേരെയും ആക്രമണം ഉണ്ടാകുന്നത്. ട്രെയിനുള്ളിൽ ഡ്യൂട്ടിക്കിടെ ടിടിഇ മാർക്കെതിരെ അക്രമണം കൂടുമ്പോഴും ഒരു പരിഹാരം നടപടിയുമില്ല. പ്രതികളെ യാത്രക്കാരോ സംഭവ സ്ഥലത്ത് പിടികൂടിയാൽ അടുത്ത സ്റ്റേഷനിൽ റെയിൽവേ പൊലീസെത്തി കസ്റ്റഡിയിലെടുക്കുന്ന അവസ്ഥയാണ് തുടരുന്നത്. ഉദ്യോഗസ്ഥരുടെ അവസ്ഥ ഇങ്ങനെ എങ്കിൽ യാത്രക്കാരുടെ സുരക്ഷ എങ്ങനെയാകുമെന്ന ചോദ്യമാണ് ഉയരുന്നത്.