നമ്പര്‍ പ്ലേറ്റ് മറച്ചെത്തിയ വാഹനം, സംശയം തോന്നി നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ചത്ത കോഴികളെ


നമ്പര്‍ പ്ലേറ്റ് മറച്ചെത്തിയ വാഹനം, സംശയം തോന്നി നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ചത്ത കോഴികളെ


കോഴിക്കോട്: ചത്ത കോഴിയുമായെത്തിയ വാഹനവും ഇത് വില്‍പന നടത്താനുള്ള കടക്കാരന്റെ ശ്രമവും നാട്ടുകാര്‍ തടഞ്ഞു. ബാലുശ്ശേരിയിലാണ് സംഭവം ഉണ്ടായത്. കടയിലേക്ക് ലോഡ് ഇറക്കാനെത്തിയ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ബാലുശ്ശേരി ബ്ലോക്ക് റോഡിന് സമീപത്തെ കോഴിക്കടയില്‍ ചത്ത കോഴികളെ വില്‍പനക്കായി ഇറക്കിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് പിടികൂടിയത്. ഈ കോഴിക്കടക്കെതിരെ ഇതിന് മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രദേശത്തെ പല ഹോട്ടലുകളിലും കല്യാണ ആവശ്യങ്ങള്‍ക്കും കോഴിയിറച്ചി എത്തിക്കുന്നത് ഇതേ സംഘമാണെന്ന് സൂചനയുണ്ട്. ഈയിടെ കോഴിക്കോട് നടക്കാവില്‍ വിലകുറച്ച് വില്‍പന നടത്തുന്ന കോഴിക്കടയില്‍ നിന്ന് സാമന രീതിയില്‍ ചത്ത കോഴികളെ പിടികൂടിയിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.