
ജറുസലേം: ഇസ്രയേലിനു നേരെ വീണ്ടും ഹമാസിന്റെ മിന്നലാക്രമണം. ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസയിലെ റഫയില്‍നിന്നാണ് ഹമാസ് മിസൈലുകള്‍ തൊടുത്തത്. എട്ടോളം മിസൈലുകളാണ് ഹമാസ് തുടരെ തൊടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ടെല്‍ അവീവില്‍ മിസൈല്‍ ആക്രണം നടത്തിയെന്ന വിവരം ഹമാസിന്റെ 'ഇസദീന്‍ അല്‍ ഖസാം ബ്രിഗേഡ്‌സ്' തങ്ങളുടെ ടെലഗ്രാം ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. മിസൈലുകളില്‍ പലതിനെയും ഇസ്രയേലി മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ഒൊയ്‌തു.
മിന്നലാക്രമണത്തില്‍ വ്യാപാര സമുച്ചയങ്ങള്‍ നിറഞ്ഞ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഹെര്‍സ്ലിയ, പേറ്റാ ടിക്വ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍നിന്ന് റോക്കറ്റ് സൈറണുകള്‍ മുഴങ്ങി. നിലവില്‍ റഫായില്‍ ഇസ്രയേല്‍ സൈനികനടപടികള്‍ സ്വീകരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആളപായം സ്‌ഥിരീകരിച്ചിട്ടില്ല.
അതേസമയം, ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്.) നടപടി ആരംഭിച്ചു. തെക്കന്‍ ഇസ്രയേലിലൂടെ മാനുഷികസഹായമെത്തിക്കുന്നതിനായി റാഫ അതിര്‍ത്തി വഴി ട്രക്കുകള്‍ കടന്നുപോകാന്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രണമെന്ന് ഇസ്രയേലി സൈന്യം എക്‌സില്‍ കുറിച്ചു. ഹമാസിനെ പിന്തഒണയ്‌ക്കുന്ന ഹെസ്‌ബുള്ളയെ ലക്ഷ്യമാക്കി ഇസ്രയേല്‍ സേന ലബനനു നേരേ ആക്രമണം നടത്തി. ജെബ്ബയ്‌ന്‍ ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണത്തോടെയാണ് മേഖലയില്‍ യുദ്ധം ആരംഭിക്കുന്നത്. ഏഴുമാസത്തോടടുക്കുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 37,000 കടന്നു. എഴുപതിനായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. 1200 ലധികം ഇസ്രയേല്‍ പൗരന്‍മാര്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും 253 പേരെ ഗാസയിലേക്ക് ബന്ദികളാക്കി കൊണ്ടുപോയെന്നുമാണ് ഇസ്രയേലിന്റെ കണക്ക്. ഹമാസ് പ്രവര്‍ത്തകര്‍ ഒട്ടനവധി സ്‌ത്രീകളെയാണ് മാനഭംഗത്തിനിരായാക്കിയത്.