വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ ആൺസുഹൃത്ത്; വെട്ടിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ്


വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ ആൺസുഹൃത്ത്; വെട്ടിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ്


കോഴിക്കോട് : വീട്ടിൽ അതിക്രമിച്ച് കയറിയ,ഭാര്യയുടെ ആൺസുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. അരീക്കോട് സ്വദേശിയായ ലുഹൈബ് എന്ന യുവാവിനാണ് തലയില്‍ അടക്കം വെട്ടേറ്റത്.

ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. യുവതിയും ഭർത്താവും മുറിയിൽ ഇരിക്കവെ ലുഹൈബ് വീടിനകത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നുവത്രേ. ശേഷം യുവതിയെ കയറിപ്പിടിച്ചു. ഇതോടെ പ്രകോപിതനായ ഭര്‍ത്താവ് വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതിന് പുറമെ മുറിയിലുണ്ടായിരുന്ന ടേബിള്‍ ഫാൻ കൊണ്ട് അടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു. 

തലയ്ക്കുൾപ്പെടെ പരിക്കേറ്റ ലുഹൈബ് കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങിനെയാണ് - മൂന്ന് ദിവസം മുമ്പ് യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്നൊരു പരാതി ഭര്‍ത്താവ് പൊലീസിന് നല്‍കിയിരുന്നു. സമൂഹ മാധ്യമത്തിലൂടെ ലുഹൈബുമായി പരിചയത്തിലായ യുവതി കൂട്ടുകാരിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞ് രണ്ട് വയസുള്ള കുഞ്ഞുമായി ലുഹൈബിന്‍റെ വീട്ടിലേക്ക് പോയതായിരുന്നു. ഇവിടെ നിന്ന് തിരിച്ച് വരാതിരുന്നതോടെയാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്.

യുവതിയെ പിന്നീട് ലുഹൈബിന്‍റെ മാതാപിതാക്കള്‍  പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇവിടെ നിന്ന് പൊലീസ് ഇടപെട്ട് യുവതിയെ തിരികെ വീട്ടിലേക്ക് അയച്ചു. ഇതിന് പിന്നാലെയാണ് ലുഹൈബ് വീട്ടില്‍ അതിക്രമിച്ച് കയറിയത്.

ആക്രമണത്തെ തുടര്‍ന്ന് ലുഹൈബ് യുവതിയുടെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയും ഇവിടെ നിന്ന് ഇറങ്ങി. നാട്ടുകാരാണ് പിന്നാട് ലുഹൈബിനെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചത്. ലുഹൈബിനും യുവതിയുടെ ഭർത്താവിനും എതിരെ താമരശ്ശേരി പൊലീസ് വെവ്വേറെ കേസുകളെടുത്തിട്ടുണ്ട്. യുവാവ് സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.