കനത്തമഴ: ദല്‍ഹിയില്‍ മരണം 11

കനത്തമഴ: ദല്‍ഹിയില്‍ മരണം 11




ന്യൂദല്‍ഹി: കനത്തമഴയില്‍ ദല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇന്നലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ സിറാസ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് രണ്ട് കുട്ടികളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് കരുതുന്നത്.

ഓഖ്ല അടിപ്പാതയിലെ വെള്ളക്കെട്ടിലും ഒരാള്‍ മുങ്ങിമരിച്ചു. സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണാണ് മരണമെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ ദല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് മരിച്ച ടാക്സി ഡ്രൈവര്‍ രമേഷ് ഉള്‍പ്പെട അഞ്ചുപേരുടെ മരണമാണ് സ്ഥിരീകരിച്ചിരുന്നത്.

വസന്ത് വിഹാര്‍ ഭാഗത്ത് ഇടിഞ്ഞുവീണ മതിലിനടിയില്‍ കുടുങ്ങിയ മൂന്നുപേരും മരിച്ചു. എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ മരണസംഖ്യ എട്ടായി ഉയര്‍ന്നു.

നിര്‍മാണസ്ഥലത്തിനുസമീപം താല്‍ക്കാലിക കൂരകളില്‍ താമസിച്ചിരുന്ന തൊഴിലാളികളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. വെള്ളിയാഴ്ചയുണ്ടായ നാലു മരണങ്ങളില്‍ ഒന്ന് വൈദ്യുതാഘാതമേറ്റാണ്. മറ്റു മൂന്ന് പേര്‍ വെള്ളത്തില്‍ മുങ്ങിമരിക്കുകയുമായിരുന്നു. ഇതില്‍ രണ്ടുപേര്‍ കുട്ടികളാണ്.

88 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ മഴയാണ് രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയത്.

വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ നീണ്ട മഴയ്‌ക്കുശേഷവും ഇന്നലെയും ദല്‍ഹിയില്‍ കനത്തമഴ തുടരുകയാണ്. ദല്‍ഹിയില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഒഴിയുന്നുണ്ടെങ്കിലും അടുത്ത മഴയോടെ വീണ്ടും വെള്ളം ഉയരുന്ന സ്ഥിതിയാണ്.
പ്രധാന റോഡുകളിലും അടിപ്പാതകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍ നീക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുണ്ട്.

അവധിയിലുള്ള മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥരും അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള ഉത്തരവ് വെള്ളിയാഴ്ച തന്നെ ലെഫ്. ഗവര്‍ണര്‍ വി.കെ. സക്സേന നല്‍കിയിരുന്നു. ഓടകളിലും അഴുക്കുചാലുകളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കാത്തതാണ് പലയിടങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ടിന് കാരണമായത്.