രാഹുൽ ഗാന്ധി ജൂൺ 12ന് വയനാട്ടിലെത്തും; വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കും

രാഹുൽ ഗാന്ധി ജൂൺ 12ന് വയനാട്ടിലെത്തും; വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കും
ന്യൂഡൽഹി: വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി ഈ മാസം 12ന് വയനാട് മണ്ഡലത്തിൽ എത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ അറിയിച്ചു. ഡൽഹിയിലെ 10 ജൻപഥിൽ മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പര്യടന തീയതി തീരുമാനിച്ചത്.

വയനാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെയും രണ്ട് മണ്ഡലങ്ങളിലാണ് സ്വീകരണം. ജൂണ്‍ 14നോ 15 നോ വയനാട് ലോക്‌സഭ സീറ്റ് ഒഴിഞ്ഞുകൊണ്ട് അദ്ദേഹം ലോക്‌സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നാണ് സൂചന. അതേസമയം, വയനാട്ടില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ യു.ഡി.എഫ്. സംഘം രാഹുലിനെ ഡല്‍ഹിയിലെത്തി കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ വയനാട് ഒഴിയുമെന്നോ നിലനിര്‍ത്തുമെന്നോ രാഹുല്‍ കൂടിക്കാഴ്ചയില്‍ നേതാക്കളോട് മനസ്സ് തുറന്നില്ല. രാഹുല്‍ഗാന്ധി വയനാട് ലോക്സഭാസീറ്റ് ഒഴിഞ്ഞേക്കുമെന്നും ഉത്തര്‍പ്രദേശിലെ റായ്ബറേലി നിലനിര്‍ത്തിയേക്കുമെന്നും കഴിഞ്ഞദിവസം തന്നെ സൂചനയുണ്ടായിരുന്നു.

കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

പാർലമെന്റ് അംഗമായി തിരഞ്ഞെടുത്തതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർട്ടിഫിക്കറ്റ് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, കെ.എൽ പൗലോസ് എന്നിവരുടെ സാന്നിധ്യത്തിൽ എ.പി അനിൽ കുമാർ എം.എൽ.എ രാഹുൽ ഗാന്ധിക്ക് കൈമാറി.