ബിജെപി അക്കൗണ്ട് തുറക്കില്ല, തൃശ്ശൂരിൽ സുരേഷ്‌ഗോപി മൂന്നാമത്, തിരുവനന്തപുരത്ത് തരൂർ, വടകരയിൽ കെ കെ ശൈലജ വിജയിക്കും; യുഡിഎഫിന് 18 സീറ്റുകൾ വരെ പ്രവചിച്ച് മനോരമ ന്യൂസ് എക്‌സിറ്റ് പോൾ; എൽഡിഎഫിന് പരമാവധി നാല് സീറ്റുകളിൽ സാധ്യത; പത്തനംതിട്ടയിൽ അനിൽ ആന്റണി രണ്ടാമതെന്ന് പ്രവചനം

കൊച്ചി: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്കിടെ ആ സാധ്യത പൂർണമായും തള്ളി മനോരമ ന്യൂസ് - വി എംആർ എക്‌സിറ്റ് പോൾ. യുഡിഎഫിന് മേൽക്കൈയുണ്ടെന്നാണ് മനോരമ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. അതേസമയം എൽഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തുമെന്നുമാണ് മനോരമയുടെ പ്രവചനം.

യുഡിഎഫിനു 16 മുതൽ 18 വരെ സീറ്റ് ലഭിക്കമെന്നാണ് പ്രവചനം. അതേസമയം എൽഡിഎഫ് 2 മുതൽ 4 വരെ സീറ്റ് നേടാം. അതേസമയം ശക്തമായ പേരാട്ടം നടന്ന വടകരയിൽ കെ കെ ശൈലജ വിജയിക്കുമെന്നാണ് പോൾ. പാലക്കാടും നേരിയ ഭൂരിപക്ഷത്തിന് എൽഡിഎഫ് വിജയിക്കുമെന്നും പ്രവചനം. അതേസമയം കണ്ണൂരും ആലത്തൂരും ഇഞ്ചോടിഞ്ചു പോരാട്ടമാണ് പ്രവചിക്കുന്നത്.

അതേസമയം ബിജെപി ഇത്തവണയും അക്കൗണ്ടു തുറക്കില്ലെന്നാണ് മനോരമ പറയുന്നത്. ബിജെപി പ്രവർത്തകർ ഏറ്റവും പ്രതീക്ഷ വെക്കുന്ന തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് പ്രവചനം. ഇവിടെ മികച്ച മാർജിനിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ വിജയിക്കുമെന്നാണ് പോൾ പറയുന്നത്. സുനിൽകുമാർ രണ്ടാമതെത്തും. അതേസമയം തിരുവനന്തപുരത്തും പത്തനംതിട്ടയിലും രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം.

തിരുവനന്തപുരത്ത് തരൂർ കടുത്ത പോരാട്ടത്തിന് ഇടയിലും വിജയിച്ചു കയറുമെന്നാണ് മനോരമ പറയുന്നത്. ഇവിടെ ബിജെപി സ്ഥാനാർത്ഥി രാജീവ് രണ്ടാം സ്ഥാനത്തെത്തു. പന്ന്യൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അതേസമയം പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് മനോരമ എക്‌സ്റ്റ്‌പോളിലെ കണ്ടെത്തൽ. ആന്റോ ആന്റണി വിജയിച്ചു കയറുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പ്രവചനം.

അതേസമയം മനോരമ എക്‌സിറ്റ് പോളിൽ ടൈയിൽ നിൽക്കുന്ന രണ്ട് മണ്ഡലങ്ങളുമുണ്ട്. കണ്ണൂരിലും ആലത്തൂരിലുമാണ് ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നത്. കണ്ണൂരിൽ ഇരു മുന്നണികൾക്കും 42 ശതമാനം വീതം വോട്ടു ലഭിക്കും. എൽഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ടു തന്നെ ലഭിക്കുമെന്ന് പറയുമ്പോൾ യുഡിഎഫിന് 8.22 ശതമാനം വോട്ട് കുറയുമെന്നാണ് പ്രവചനം. എൻഡിഎയ്ക്ക് 5.91 ശതമാനം വോട്ടു കൂടുമെന്നും സർവേ വിലയിരുത്തുന്നു. ബിജെപി സ്ഥാനാർത്ഥി സി.രഘുനാഥിന് 12.4 ശതമാനം വോട്ട് ലഭിക്കുമെന്നാണ് എക്‌സ്റ്റ് പോൾ ഫലം.

വാശിയേറിയ പോരാട്ടം നടന്ന ആലത്തൂരിലും ഇത്തവണ എൽഡിഎഫ്-യുഡിഎഫ് ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോൾ പ്രവചനം. എൽഡിഎഫ് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണനും യുഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ എംപിയുമായി രമ്യാ ഹരിദാസിനും 41 ശതമാനം വീതം വോട്ടു ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ പറയുന്നത്. എൻഡിഎ സ്ഥാനാർത്ഥി ടി.എൻ.സരസു 17.49 ശതമാനം വോട്ടു ലഭിക്കുമെന്നാണ് പ്രവചനം.

സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടന്ന വടകര മണ്ഡലത്തിലും മനോരമയുടെ എക്‌സിറ്റ് പോൾ ഫലം അൽപ്പം വ്യത്യസ്തമാണ്. കടുത്ത പ്രചരണ കോലാഹലങ്ങൾക്കിടെ വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പലിനേക്കാൾ 1.91 ശതമാനം വോട്ട് കൂടുതൽ നേടി കെ.കെ. ശൈലജ വിജയിക്കുമെന്ന് മനോരമ ന്യൂസ്‌വി എംആർ എക്‌സിറ്റ് പോൾ. കെ.കെ.ശൈലജയ്ക്ക് 41.56 ശതമാനം വോട്ടു ലഭിക്കുമെന്നാണ് പ്രവചനം. പോളിൽ പങ്കെടുത്ത 39.65 ശതമാനം പേർ ഷാഫിക്ക് അനുകൂലമായി വോട്ടു ചെയ്തു. എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന് 17.69 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.

കേരളത്തിൽ കഴിഞ്ഞ തവണത്തേക്കാൾ യുഡിഎഫിന്റെ വോട്ടുവിഹിതം കുറയുമെന്നാണ് മനോരമയുടെ പ്രവചനം. യുഡിഎഫ് 42.46%, എൽഡിഎഫ് 35.09 %, എൻഡിഎ 18.64% എന്നിങ്ങനെ വോട്ടു നേടും. 2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫിന് 4.76 ശതമാനവും എൽഡിഎഫിന് 0.64 ശതമാനവും വോട്ടു കുറയുമ്പോൾ എൻഡിഎ 3.7 ശതമാനം വോട്ടു കൂടുതൽ നേടുമെന്നും മനോരമ പ്രവചിക്കുന്നു. 

ഇന്നലെ പുറത്തുവന്ന എക്സ്റ്റ് പോളുകളിൽ കേരളത്തിൽ ബിജെപി മൂന്ന് സീറ്റിൽ വരെ വിജയിക്കുമെന്ന് പ്രചനം ഉണ്ടായിരുന്നു. എന്നാൽ, ബിജെപി നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി എൽഡിഎഫും യുഡിഎഫും വരികയും ചെയ്തു. ബിജെപിക്ക് മൂന്ന് വരെ സീറ്റ് നേടാനാകുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. എൽഡിഎഫിനോടുള്ള വോട്ട് ശതമാനത്തിൽ രണ്ടു ശതമാനം മാത്രമാണ് ബിജെപിക്ക് കുറവെന്നാണ് പ്രവചനം. 15ശതമാനത്തിൽ നിന്ന് 27ശതമാനത്തിലേക്കുള്ള ബിജെപിയുടെ കുതിച്ചു ചാട്ടം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നതാണ്. മൊത്തം നമ്പറിൽ നേട്ടം പറയുന്നു എങ്കിലും ബിജെപി മുന്നേറ്റം പാടെ തള്ളുകയാണ് യുഡിഎഫ്, എൽഡിഎഫ് നേതാക്കൾ.