മൂന്നാം മോദി സര്‍ക്കാരിൽ കേരളത്തിൽ നിന്ന് 2 കേന്ദ്രമന്ത്രിമാർ: ഒന്ന് സുരേഷ് ഗോപി, രണ്ടാമത്തേത് ജോർജ് കുര്യൻ

മൂന്നാം മോദി സര്‍ക്കാരിൽ കേരളത്തിൽ നിന്ന് 2 കേന്ദ്രമന്ത്രിമാർ: ഒന്ന് സുരേഷ് ഗോപി, രണ്ടാമത്തേത് ജോർജ് കുര്യൻ


ദില്ലി : കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാൾ കൂടി മൂന്നാം മോദി സർക്കാരിലേക്ക്.  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്.  ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. യുവമോർച്ച മുതൽ ബിജെപിയിൽ പ്രവർത്തിച്ച് വരികയായിരുന്ന അദ്ദേഹം ചാനൽ ചർച്ചകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ്. 


സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്, സത്യപ്രതിജ്ഞക്കായി ദില്ലിയിൽ 

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിൽ സൂപ്പർതാരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ദില്ലിക്ക് പുറപ്പെട്ടത്.തൃശൂർ 'എടുത്തത്' മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം.പക്ഷെ ഇന്നലെ രാത്രി മുതൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നിരുന്നു.ഇതോടെ സിനിമക്കായി തൽക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാട് ഒരിക്കൽ കൂടി താരം സ്വീകരിച്ചു. ഒടുവിൽ ദില്ലിയിൽ നിന്നും മോദിയുടെ കോളെത്തി.ഉടൻ എത്താൻ മോദിയുടെ നിർദ്ദേശം വന്നതോടെ തിരുവനന്തപുരത്ത് നിന്നും  ഭാര്യ രാധികക്കൊപ്പം ദില്ലിക്ക് പുറപ്പെട്ടു.