‘മത്തി’ വില കിലോക്ക് 300 കടന്നു, ട്രോളിംഗ് നിരോധനം വന്നതോടെ കുതിച്ച് മത്സ്യവില, ഇനിയും കൂടിയേക്കും


‘മത്തി’ വില കിലോക്ക് 300 കടന്നു, ട്രോളിംഗ് നിരോധനം വന്നതോടെ കുതിച്ച് മത്സ്യവില, ഇനിയും കൂടിയേക്കും


സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യവില കുതിച്ചുയരുന്നു. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപവരെയെത്തി. മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അതേസമയം ട്രോളിംഗ് നിരോധന കാലയളവിൽ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.

ഞായറാഴ്ച അർധരാത്രി 12 മണി മുതലാണ് സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ആരംഭിച്ചത്. ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മെയ് 22 ലെ യോഗത്തിലാണ് തീരുമാനിച്ചത്. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനമെടുത്തത്.