ജയിച്ചത് 99 സീറ്റില്‍, പക്ഷെ പാർലമെന്റില്‍ സെഞ്ചറിയടിച്ച് കോണ്‍ഗ്രസ്: വിശാൽ പാട്ടീലിന്റെ പൂർണ്ണ പിന്തുണ

ജയിച്ചത് 99 സീറ്റില്‍, പക്ഷെ പാർലമെന്റില്‍ സെഞ്ചറിയടിച്ച് കോണ്‍ഗ്രസ്: വിശാൽ പാട്ടീലിന്റെ പൂർണ്ണ പിന്തുണന്യൂഡല്‍ഹി: മഹാരാഷ്‌ട്രയിലെ സാംഗ്‌ളിയില്‍നിന്നു ലോക്‌സഭയിലെത്തിയ വിമത നേതാവ്‌ വിശാല്‍ പാട്ടീല്‍ കോണ്‍ഗ്രസിലേക്കു മടങ്ങും. കോണ്‍ഗ്രസ്‌ നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തിയശേഷമാണ്‌ അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്‌. ഇതോടെ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ നൂറായി ഉയരും.
'എന്റെ കുടുംബം വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ഭാഗമാണ്‌. എന്റെ അച്‌ഛനും മുത്തച്‌ഛനും സഹോദരനും കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ അംഗങ്ങളാണ്‌' - വിശാല്‍ പാട്ടീല്‍ പറഞ്ഞു.
മഹാരാഷ്‌ട്രയിലെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ വിശ്വജീത്‌ കദമാണു വിശാലിന്റെ മടക്കത്തിനു മുന്‍കൈയെടുത്തത്‌. വിശാല്‍ പാട്ടീലും വിശ്വജിത്‌ കദമും കോണ്‍ഗ്രസ്‌ ദേശീയ അധ്യക്ഷന്‌ മല്ലികാര്‍ജുന്‍ ഖാര്‍െഗയുമായും കൂടിക്കാഴ്‌ച നടത്തി. തന്റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത്‌ പാട്ടീല്‍ ഖാര്‍ഗെയ്‌ക്ക് കൈമാറി. പാര്‍ട്ടി പുനഃപ്രവേശനത്തെ സഖ്യകക്ഷി നേതാവ്‌ കൂടിയായ ഉദ്ധവ്‌ താക്കറെ എതിര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'സാംഗ്‌ളിയില്‍നിന്ന്‌ എന്നെ മത്സരിപ്പിക്കാന്‍ ഉദ്ധവ്‌ താക്കറെയെ ബോധ്യപ്പെടുത്താന്‍ ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ പരമാവധി ശ്രമിച്ചു. എന്നിരുന്നാലും, എന്തുകൊണ്ടോ കാര്യങ്ങള്‍ നടന്നില്ല. എന്റെ കുടുംബവും താക്കറെ കുടുംബവും തമ്മില്‍ വളരെ നല്ല ബന്ധമുണ്ട്‌. ഇപ്പോള്‍ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍, ഞങ്ങള്‍ തമ്മിലുള്ള എല്ലാ തെറ്റിദ്ധാരണകളും അവസാനിക്കുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു ' -പാട്ടീല്‍ പറഞ്ഞു.
മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി വസന്ത്‌ദാദ പാട്ടീലിന്റെ ചെറുമകനാണു വിശാല്‍ പാട്ടീല്‍. കോണ്‍ഗ്രസ്‌ ടിക്കറ്റ്‌ ലഭിക്കാത്തതിനെ തുടര്‍ന്ന്‌ സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായാണ്‌ അദ്ദേഹം മത്സരിച്ചത്‌. ബി.ജെ.പിയുടെ സിറ്റിങ്‌ എം.പി. സഞ്‌ജയക പാട്ടീലിനെയാണ്‌ വിശാല്‍ പരാജയപ്പെടുത്തിയത്‌.