ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്നു

ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്നു
ബിഹാര്‍: മുസാഫര്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിയും കുത്തിയും കൊന്നു. നിരവധി മുന്‍നിര മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന യു ട്യൂബര്‍ ശിവശങ്കര്‍ ഝാ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ മദ്യമാഫിയ ആണെന്നാണ് പോലീസ് നിഗമനം.

ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മാദിപൂര്‍ ഛപ്ര റോഡില്‍ പക്കാഡ് ചൗക്കിന് സമീപം പതിയിരുന്ന അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിവീഴ്‌ത്തുകയായിരുന്നു. പതിമൂന്ന് മാരകമായ മുറിവുകളാണ് ശിവശങ്കറിനേറ്റത്. പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മദ്യമാഫിയയ്‌ക്കെതിരെ വാര്‍ത്തകള്‍ നല്കിയതുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ഭീഷണി ഉണ്ടായിരുന്നതായി മണിയാരി എസ്‌ഐ ജയശങ്കര്‍ റാം പറഞ്ഞു.

ശിവശങ്കറിന്റെ കൊലപാതകത്തിന് പന്ത്രണ്ട് മണിക്കൂര്‍ മുമ്പ് ഇതേ പ്രദേശത്ത് ഡേറ്റാ ഓപ്പറേറ്ററായ ഒരു സ്ത്രീയെ ഒരു കൂട്ടം അക്രമികള്‍ വെടിവച്ചിരുന്നു. ഇവര്‍ അതീവഗുരുതര നിലയില്‍ ആശുപത്രിയിലാണ്. രാവിലെ മുസാഫര്‍പൂരിലെ ബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഡ്യൂട്ടിക്ക് പോകുകയായിരുന്ന ഇവരെ ബൈക്കില്‍ എത്തിയ അക്രമികള്‍ വെടിവയ്‌ക്കുകയായിരുന്നു.