തിരുവനന്തപുരം കളിയിക്കാവിളയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ; പ്രതി പിടിയിലായതായി സൂചന


തിരുവനന്തപുരം കളിയിക്കാവിളയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ; പ്രതി പിടിയിലായതായി സൂചന


തിരുവനന്തപുരം: യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. കളിയിക്കാവിളയില്‍ കരമന സ്വദേശി എസ്. ദീപുവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കാറിനുള്ളി കണ്ടെത്തിയ കേസില്‍ മലയിന്‍കീഴ് മലയന്‍ സ്വദേശിയായ വ്യക്തിയെയാണ് പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് അന്വേഷണങ്ങളുടേയും അടിസ്ഥാനത്തില്‍ തമിഴ്‌നാട് കളിയിക്കാവിള പോലീസാണ് ഇയാളെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം നഗരവുമായി ബന്ധപ്പെട്ട അനേകം കേസുകളിലെ പ്രതിയാണ് ഇയാളെന്നാണ് സൂചന. രണ്ടു കൊലക്കേസുകളില്‍ പ്രതിയായ ഇയാള്‍ മുന്‍ ക്വട്ടേഷന്‍ സംഘാംഗമാണെന്ന് പോലീസ് പറയുന്നു. മുക്കുന്നിമല കേന്ദ്രീകരിച്ചു ക്വാറി നടത്തുന്ന ഇയാള്‍ മുമ്പ് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന 59 കാരനാണെന്നാണ് വിവരം. സ്പിരിറ്റ് കടത്തുകേസിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം ദീപുവിന്റെ കാറില്‍ നിന്നും ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യം പോലീസിന് കിട്ടിയിരുന്നു. ഇതില്‍ ഇയാള്‍ക്ക് മുടന്തുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ വിവരങ്ങള്‍ വെച്ചുള്ള അന്വേഷണങ്ങളാണ് പോലീസ് പേര് പുറത്തുവിട്ടിട്ടില്ലാത്ത ഈ വ്യക്തിയിലേക്ക് എത്തിയത്.

നേരത്തേ കേസില്‍ കൊല്ലപ്പെട്ട ദീപുവുമായി വ്യക്തി, ബിസിനസ് വൈരമുളള വ്യക്തിയെയും സാമ്പത്തീക തര്‍ക്കമുളളയാളെയും പോലീസ് സംശയിച്ചിരുന്നു. പിന്നീടാണ് മലയന്‍ സ്വദേശിയിലേക്ക് എത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ജെ.സി.ബി. വാങ്ങാന്‍ 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്കു പോയ യുവാവിനെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ദേശീയപാത തിരുവനന്തപുരം- കന്യാകുമാരി റോഡില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയ്ക്കു സമീപം ഒറ്റാമരത്ത് മഹീന്ദ്ര കാറിനുള്ളില്‍ കഴുത്തറുത്ത നിലയിലാണു കരമന സ്വദേശി എസ്. ദീപു(46)വിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി 12 നാണ് നാട്ടുകാര്‍ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്.

കാറിന്റെ മുന്നിലെ സീറ്റിലായിരുന്നു മൃതദേഹം. മോഷണത്തിനിടെയുണ്ടായ കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു പോലീസ് എത്തിയത്. ദീപുവിന്റെ കൈവശമുണ്ടായിരുന്ന 10 ലക്ഷം രൂപയും മൊബൈല്‍ഫോണും കാണാനുണ്ടായിരുന്നില്ല. കോയമ്പത്തൂരിലേക്കു പോകുകയാണെന്ന് പറഞ്ഞാണ് ദീപു വീട്ടില്‍നിന്ന് ഇറങ്ങിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. വണ്ടി കൊണ്ടുവരാന്‍ ഒരാളെ അതിര്‍ത്തിയില്‍നിന്നു വാഹനത്തില്‍ കയറ്റിയതായും സംശയിക്കുന്നു. പഴയ ജെ.സ.ിബി. വാങ്ങി അറ്റകുറ്റപ്പണി ചെയ്ത് വില്‍പ്പന നടത്തുന്ന ജോലിയും ദീപു ചെയ്തിരുന്നു. കഴിഞ്ഞ ദിവസം 6 മണിക്കാണ് പണവുമായി വീട്ടില്‍നിന്നും ഇറങ്ങിയത്. പന്ത്രണ്ടരയോടെയാണു കൊലപാതക വിവരം അറിഞ്ഞത്.