അവയവക്കടത്ത്‌: ഷമീറിന്റെ മൊഴി പുറത്ത്‌, ഷമീറിനെ ഇറാനിലേക്ക്‌ അയച്ചത്‌ ബല്ലം രാമപ്രസാദ്‌ ഗോണ്ട


അവയവക്കടത്ത്‌: ഷമീറിന്റെ മൊഴി പുറത്ത്‌, ഷമീറിനെ ഇറാനിലേക്ക്‌ അയച്ചത്‌ ബല്ലം രാമപ്രസാദ്‌ ഗോണ്ട


കൊച്ചി: തന്നെ അവയവ വില്‍പനയ്‌ക്കായി ഇറാനിലേയ്‌ക്ക് അയച്ചത്‌ ആന്ധ്ര സ്വദേശി ബല്ലം രാമപ്രസാദ്‌ ഗോണ്ടയെന്നു പോലീസ്‌ കസ്‌റ്റഡിയിലുള്ള പാലക്കാട്‌ സ്വദേശി ഷമീറിന്റെ മൊഴി.
സംഘത്തെ പരിചയപ്പെട്ടത്‌ സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണെന്നും ഷമീര്‍ മൊഴി നല്‍കി. അവയവക്കടത്ത്‌ സംഘത്തിന്റെ ഇരയാണു ഷമീറെന്നു പോലീസ്‌ പറഞ്ഞു. അതേസമയം, ഷമീറിനെ മാപ്പുസാക്ഷിയാക്കുന്നതും പോലീസ്‌ ആലോചിക്കുന്നു. ടെഹ്‌റാനില്‍പ്പോയി സ്വന്തം വൃക്ക വിറ്റ ഷെമീറിന്‌ ഇൗ റാക്കറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു കൂടുതല്‍ കാര്യങ്ങളറിയാം. അതു കൂടി പരിഗണിച്ചാണു പോലീസ്‌ നീക്കം. മാത്രമല്ല, ഇരകളായവര്‍ മാപ്പുസാക്ഷികളാകുന്നത്‌ കേസ്‌ കൂടുതല്‍ ശക്‌തിപ്പെടുത്തും.
കഴിഞ്ഞ ഏപ്രിലില്‍ ഇറാനിലേക്കു പോയ ഷമീര്‍ മേയ്‌ പതിനെട്ടിനാണു തിരിച്ചെത്തിയത്‌. തുടര്‍ന്ന്‌ ഒളിവിലായിരുന്നു. ശസ്‌ത്രക്രിയയ്‌ക്കുശേഷം ആരോഗ്യസ്‌ഥിതി മോശമായെന്നാണു ഷമീര്‍ ചോദ്യം ചെയ്യലില്‍ പോലീസിനോടു പറഞ്ഞത്‌. കഴിഞ്ഞ ദിവസമാണ്‌ ഇയാളെ കസ്‌റ്റഡിയില്‍ എടുത്തത്‌. സമൂഹ മാധ്യമങ്ങളിലൂടെയാണ്‌ ഇരകളെ കണ്ടെത്തിയതെന്നു നേരത്തെ ബല്ലം രാമപ്രസാദ്‌ ഗോണ്ടയും പോലീസിനു മൊഴി നല്‍കിയിരുന്നു.
അറസ്‌റ്റിലായ സാബിത്ത്‌ നാസര്‍, ബല്ലം രാമപ്രസാദ്‌ ഗോണ്ട എന്നിവര്‍ക്കെതിരെയും ഷമീര്‍ മൊഴി നല്‍കിയിട്ടുണ്ട്‌. ശസ്‌ത്രക്രീയയ്‌ക്കുശേഷം മതിയായ ചികിത്സ ലഭിച്ചിട്ടില്ലാത്തതിനാല്‍ ഷമീറിന്‌ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്‌. ഇതിനൊപ്പം അവയവ കച്ചവടകേസില്‍ പ്രതികളുടെയും രഹസ്യമൊഴികള്‍ രേഖപ്പെടുത്തും. സാബിത്ത്‌ നാസര്‍, ബല്ലം രാമപ്രസാദ്‌ ഗോണ്ട, സജിത്ത്‌ ശ്യാം എന്നിവരുടെ രഹസ്യമൊഴികളാണു കോടതിയില്‍ രേഖപ്പെടുത്തുന്നത്‌. വന്‍ റാക്കറ്റ്‌ പിന്നിലുള്ളതിനാല്‍ പ്രതികള്‍ മൊഴികള്‍ മാറ്റാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണു മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി രേഖപ്പെടുത്താന്‍ അനേ്വഷണസംഘം ആലോചിക്കുന്നത്‌.