കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞു; ബിജെപി എംപി ഭര്‍തൃഹരി മഹ്താബ് പ്രോ ടേം സ്പീക്കര്‍, പ്രതിഷേധവുമായി കോണ്‍ഗ്രസ്


കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞു; ബിജെപി എംപി ഭര്‍തൃഹരി മഹ്താബ് പ്രോ ടേം സ്പീക്കര്‍, പ്രതിഷേധവുമായി കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയിലെ പ്രോ ടേം സ്പീക്കറായി ഒഡിഷയിലെ കട്ടക്കില്‍നിന്നുള്ള ബി.ജെ.പി. എം.പി. ഭര്‍തൃഹരി മഹ്താബിനെ രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. പ്രമുഖ കോൺഗ്രസ് നേതാവും മാവേലിക്കര എം പിയുമായ കൊടിക്കുന്നിൽ സുരേഷിനെ പ്രോ ടെം സ്പീക്കറായി നിയമിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞയില്‍ പ്രോ ടേം സ്പീക്കറെ സഹായിക്കാന്‍ എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്‍. ബാലു, രാധാമോഹനന്‍സിങ്, ഫഗ്ഗന്‍സിങ് കുലസ്‌തെ, സുദീപ് ബന്ധോപാധ്യായ എന്നിവരേയും രാഷ്ട്രപതി ചുമതലപ്പെടുത്തിയതായി പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

ഒഡിഷയിലെ ആദ്യ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനാണ് ഭര്‍തൃഹരി മഹ്തബ്. ബിജെഡിയിൽ നിന്ന് ബിജെപിയിലെത്തിയ നേതാവാണ് ഭർതൃഹരി മഹ്താബ്. ഇത് ഏഴാം തവണയാണ് അദ്ദേഹം എംപിയാകുന്നത്. ബിഹാറിലെ കട്ടക്കിൽ നിന്നാണ് ഇക്കുറി ലോക്സഭയിലെത്തിയത്.

പ്രോം ടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. നിയമനം പാർലമെന്ററി കീഴ് വഴക്കങ്ങൾ പാലിക്കാതെയെന്ന് കെ സി വേണുഗോപാൽ എം പി കുറ്റപ്പെടുത്തി .സാധാരണഗതിയില്‍ പുതിയ എംപിമാര്‍ക്ക് സത്യവാചകം ചൊല്ലികൊടുക്കുന്നത് സഭയില്‍ ഏറ്റവും കൂടുതല്‍കാലം കാലാവധി തികച്ചവരാണ്. പതിനെട്ടാം ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന എംപിമാര്‍ കൊടിക്കുന്നിലും ബിജെപിയുടെ വീരേന്ദ്ര കുമാറും ആണ്. വീരേന്ദ്ര കുമാര്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിയായതുകൊണ്ട് കൊടിക്കുന്നില്‍ തന്നെയാകും പ്രോ ടേം സ്പീക്കര്‍ എന്നതായിരുന്നു പ്രതീക്ഷ. എന്നാല്‍ ഏഴുതവണ എംപിയായ ഭര്‍തൃഹരിയെയാണ് പകരം പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തിരിക്കുന്നത്.

എന്താണ് കൊടിക്കുന്നിൽ സുരേഷിന്റെ അയോഗ്യതയെന്നും സീനിയോറിറ്റിയും യോഗ്യതയും മറികടക്കാൻ ഉണ്ടായ കാരണം എന്തെന്നും ബിജെപി വ്യക്തമാക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.