പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങി ; ഭരണഘടനാ തത്വങ്ങള്‍ അനുസരിക്കുമെന്ന് പ്രധാനമന്ത്രി

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങി ; ഭരണഘടനാ തത്വങ്ങള്‍ അനുസരിക്കുമെന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന് പുതിയ തുടക്കം നല്‍കിക്കൊണ്ട് പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങി. ആദ്യനടപടിയായി ലോക്‌സഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും. കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നടക്കും.

വാരണാസിയില്‍ നിന്നും തുടര്‍ച്ചയായി മൂന്നാം തവണയും ജയിച്ചാണ് മോദി ഇത്തവണ പ്രധാനമന്ത്രി പദത്തില്‍ എത്തുന്നത്. ബിജെപിയുടെ നേതാക്കളും മോദി മന്ത്രിസഭയിലെ മുന്‍പന്മാരുമായ അമിത്ഷാ, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. എല്ലാവരും ഒന്നിച്ചു നിന്ന് പാര്‍ലമെന്റ് സമ്മേളനം പൂര്‍ത്തിയാക്കണമെന്നും ഭരണഘടനാ തത്വങ്ങള്‍ പാലിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ നയപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് 18 ാം ലോക്‌സഭാ സമ്മേളനം തുടങ്ങാനിരിക്കെ നടത്തിയ പ്രസംഗത്തില്‍ മൂന്നാം ഊഴത്തില്‍ മൂന്ന് മടങ്ങ് അദ്ധ്വാനിക്കുമെന്നും പറഞ്ഞു. പ്രതിപക്ഷം സാധാരണക്കാര്‍ക്കായി ഉത്തരവാദിത്വത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ തത്വങ്ങള്‍ പാലിക്കുമെന്നും അടിയന്തരാവസ്ഥയില്‍ ഭരണഘടനാമൂല്യങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും പറഞ്ഞു.

എല്ലാവരുടേയും പിന്തുണ ഉറപ്പാക്കാന്‍ നിരന്തരം പരിശ്രമിക്കുമെന്നും പറഞ്ഞ അദ്ദേഹം പുതിയ എംപിമാരെ സ്വാഗതം ചെയ്തു. പാര്‍ലമെന്റിന്റെ മാന്യത പാലിക്കാന്‍ പ്രതിപക്ഷം തയ്യാറാകുമെന്നും പ്രതികരിച്ചു. 11 മണിയോടെ സഭയില്‍ എത്തിയ പ്രധാനമന്ത്രിയെ രാജ്‌നാഥ് സിംഗും അമിത്ഷായും ചേര്‍ന്ന് സ്വീകരിച്ചു. ഭരണഘടനയുടെ ചെറുപതിപ്പുമായിട്ടായിരുന്നു പ്രതിപക്ഷം പാര്‍ലമെന്റില്‍ എത്തിയത്.