അപകട ഭീഷണി മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി



അപകട ഭീഷണി 
മരങ്ങളുടെ ശിഖരങ്ങൾ  മുറിച്ചുമാറ്റി 


ഇരിട്ടി: പുതിയ ബസ് സ്‌റ്റാൻഡ് വൺവേ റോഡിനു സമീപം നിരവധി  വാഹനങ്ങൾ പാർക്ക് ചെയ്യുന്ന മേഖലയിൽ അപകടഭീഷണി തീർത്തു നിൽക്കുന്ന തണൽ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി. ഏതു നേരവും ഒടിഞ്ഞു വീണ് അപകടം വരുത്തുന്ന നിലയിൽ നിന്നിരുന്ന കൂറ്റൻ തണൽ മരങ്ങളുടെ ശിഖങ്ങളാണ് പഴശ്ശി ജലസേചന വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റിയത്. മരങ്ങൾ അപകട ഭീഷണി തീർക്കുന്നതായി മാധ്യമങ്ങൾ ഒരാഴ്ച മുൻപ് വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി ഉണ്ടായത് .  
 പഴശ്ശി ജലസേചന പദ്ധതി വക സ്‌ഥലത്ത്  നിൽക്കുന്ന മരം ആരും മുറിച്ചു നീക്കാത്ത സാഹചര്യത്തിൽ സമീപത്തെ വ്യാപാര സ്‌ഥാപനങ്ങളിൽ ഉള്ളവർ ഭീതിയിലായിരുന്നു.  മിനി ചരക്കുവാഹനങ്ങളുടെയും നിരവധി സ്വകാര്യ വാഹനങ്ങളുടെയും പാർക്കിങ് ഏരിയയും കൂടിയായിരുന്നു ഇവിടം.  തായ്ത്തടിയിൽ വിള്ളൽ വീണു തുടങ്ങിയ മരത്തിൻ്റെ കൂറ്റൻ ശിഖരങ്ങൾ ഏതുസമയവും പൊട്ടിവീഴും എന്ന അവസ്‌ഥയിലും ആയിരുന്നു. അപകട സാഹചര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്  ഇരിട്ടി നഗരസഭാ അധ്യക്ഷ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ എന്നിവരും നഗരസഭാ ആരോഗ്യ വിഭാഗം അധികൃതരും സ്‌ഥലം സന്ദർശിക്കുകയും ദുരന്ത നിവാരണ നിയമ പ്രകാരം അടിയന്തരമായി മരം മുറിച്ചു മാറ്റാൻ  പഴശ്ശി ജലസേചന വിഭാഗത്തിനു കത്ത് നൽകുകയും ആയിരുന്നു