വയറിളക്കവും ഛര്‍ദ്ദിയും, കോഴിക്കോട് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

വയറിളക്കവും ഛര്‍ദ്ദിയും, കോഴിക്കോട് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം


കോഴിക്കോട്: വയറിളക്കവും ഛര്‍ദ്ദിയെയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വളയം സ്വദേശി സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ത്ഥ(14)യാണ് മരിച്ചത്. വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവതീര്‍ത്ഥ.

ഭക്ഷ്യവിഷ ബാധ മൂലമാണ് മരണമെന്നാണ് സംശയം. രണ്ട് ദിവസം മുമ്പ് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദ്യം തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതോടെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.