കെഎസ്ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയും പ്രതിസന്ധിയില്‍; ജീവനക്കാരുടെ ശമ്പളം മുടങ്ങി

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയും പ്രതിസന്ധിയില്‍; ജീവനക്കാരുടെ ശമ്പളം മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയിലും ശമ്പളം മുടങ്ങി. അഞ്ചാം തീയതി ലഭിക്കേണ്ട മെയ് മാസത്തെ ശമ്പളം ജൂണ്‍ ഏഴാം തീയതി ആയിട്ടും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ശമ്പളം എത്താന്‍ പത്താം തീയതി കഴിഞ്ഞേക്കുമെന്നാണ് സപ്ലൈകോയുടെ വിശദീകരണം. സ്‌കൂളുകള്‍ തുറക്കുന്ന ജൂണ്‍ മാസത്തില്‍ പോലും ശമ്പളം ലഭിക്കാതെ വന്നതോടെ കെഎസ്ആര്‍ടിസി, സപ്ലൈകോ മേഖലയിലെ ആയിരക്കണക്കിന് ജീവനക്കാരാണ് പ്രതിസന്ധിയിലായത്.

കെഎസ്ആര്‍ടിസിയിലും മെയ് മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തില്ല. ധനവകുപ്പ് അനുവദിക്കേണ്ട പണം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെ എസ് ആര്‍ ടി സി വിശദീകരണം. വിഷയത്തില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് തൊഴിലാളി സംഘടനകള്‍. ശമ്പള വിതരണം അഞ്ചാം തീയതിക്ക് മുന്നേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. കെ ബി ഗണേഷ് കുമാര്‍ ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനുശേഷം, കൃത്യം ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല.