കെട്ടിവലിക്കുന്നത് കൊലക്കയറാകരുത്.." എംവിഡി മുന്നറിയിപ്പ്

കെട്ടിവലിക്കുന്നത് കൊലക്കയറാകരുത്.." എംവിഡി മുന്നറിയിപ്പ്


പൊതുനിരത്തുകളിൽ വാഹനങ്ങൾ കെട്ടി വലിക്കേണ്ട സാഹചര്യം വരുമ്പോൾ ഉറപ്പ് വരുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കി മോട്ടോർവാഹനവകുപ്പ് . കഴിഞ്ഞ ദിവസം ആലുവയിൽ കെട്ടിവലിക്കുന്ന ഒരു ഓട്ടോറിക്ഷയുടെ കയറിൽ കുരുങ്ങി ഒരു ബൈക്കുയാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ച സാഹചര്യത്തിൽ കൂടിയാണ് ഫേസ്ബുക്കിലൂടെയുള്ള എം വി ഡിയുടെ ഈ മുന്നറിയിപ്പ്. 2017 ലെ മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ വകുപ്പ് 30 പ്രകാരം പാലിക്കേണ്ട നിർദേശങ്ങൾ ആണ് എം വി ഡി പങ്കുവെച്ചത്.

ഇതാ മുന്നറിയിപ്പിന്‍റെ പൂർണരൂപം

ഇന്നലെ ആലുവയിൽ കെട്ടിവലിക്കുന്ന ഒരു ഓട്ടോറിക്ഷയുടെ കയറിൽ കുരുങ്ങി ഒരു ബൈക്കുയാത്രക്കാരന് ദാരുണാന്ത്യം സംഭവിക്കുകയുണ്ടായി. സാധാരണയായി ഒരു അപകടം സംഭവിച്ചതോ, ഏതെങ്കിലും യാന്ത്രിക തകരാറുകളളതോ ആയ വാഹനങ്ങളാണ് റിപ്പയർ ചെയ്യുന്നതിന് അടുത്ത വർക്ക്ഷോപ്പിലേക്ക് എത്തിക്കുന്നതിനായി കെട്ടി വലിക്കേണ്ടി വരുന്നത്.

കൂടാതെ നിയമപരമായി ടാക്സ് ഇളവിന് അപേക്ഷിച്ച് നിർത്തിയിട്ട വാഹനം  കൃത്യമായ അനുമതിയോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വരുമ്പോഴും കെട്ടിവലിക്കേണ്ടി വരാറുണ്ട്.
2017 ലെ മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ വകുപ്പ് 30 പ്രകാരം കെട്ടി വലിക്കേണ്ടി വരുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തേണ്ടതുണ്ട്.

1. ഒരു ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ കെട്ടിവലിക്കാൻ പാടില്ല.
2. കെട്ടി വലിക്കുമ്പോൾ പരമാവധി വേഗപരിധി 25 kmph ൽ കൂടാൻ പാടില്ല.
3. കെട്ടിവലിക്കുന്ന വാഹനവും കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിലുളള ദൂരം 5 മീറ്ററിൽ കൂടാൻ പാടില്ല.
4. കെട്ടി വലിക്കാൻ ഉപയോഗിക്കുന്ന കയറോ, ചെയിനോ മറ്റു റോഡുപയോക്താക്കൾക്ക് സ്പഷ്ടമായി കാണാൻ സാധിക്കുന്നതായിരിക്കണം.
5. 10 സെൻ്റിമീറ്റർ ഉയരവും, 2 സെ.മീ വീതിയും, 2 സെ.മീ അക്ഷരങ്ങൾക്കിടയിൽ വിടവുമുള്ള റിട്രോറിഫ്ളക്റ്റീവ് " ON TOW " അടയാളം കെട്ടി വലിക്കുന്ന വാഹനത്തിൻ്റെ മുന്നിലും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ പിറകിലും പ്രദർശിപ്പിക്കേണ്ടതാണ്.അതു പോലെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിക്കാതെ രാത്രിയിലോ ഇരുട്ടത്തോ, മോശം കാലാവസ്ഥയിലോ ഡ്രൈവർ ഒരു വാഹനം കെട്ടി വലിക്കരുത്.
കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തനരഹിതമാണെങ്കിൽ കെട്ടിവലിക്കുന്ന വാഹനത്തിൻ്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാതെ കെട്ടിവലിക്കരുത്.

മാത്രമല്ല നിയമത്തിൽ പ്രത്യേകിച്ച് പറഞ്ഞില്ലെങ്കിലും ഇങ്ങനെ വലിക്കപ്പെടുമ്പോൾ ഏതെങ്കിലും ജംഗ്ഷനിൽ മറ്റൊരു റോഡിലേക്ക് തിരിയൽ, യു ടേൺ തിരിയൽ പോലുള്ള സന്ദർഭങ്ങളിൽ പ്രത്യേകിച്ച് മറ്റൊരു റോഡിനു കുറുകേ പോകേണ്ട സമയങ്ങളിൽ അത്യന്തം ശ്രദ്ധയോടെ നിങ്ങേണ്ടതും പറ്റുമെങ്കിൽ ഒരാളുടെ സഹായത്താൽ മറ്റു വശങ്ങളിൽ നിന്നുള്ള വാഹനങ്ങനെ നിയന്ത്രിച്ചു കൊണ്ട് മാത്രം മുന്നോട്ടു പോകുന്നതും ഇന്നലെ ഉണ്ടായ തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.