ആദ്യ മിസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കിരീടം മൊറോക്കോയിലെ കെന്‍സ ലെയ്‌ലിക്ക് ; കമ്പ്യൂട്ടര്‍ സുന്ദരി കിരീടം നേടിയത് 1,500 ലധികം കമ്പ്യൂട്ടര്‍ മോഡലുകളെ പിന്നിലാക്കി


ആദ്യ മിസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കിരീടം മൊറോക്കോയിലെ കെന്‍സ ലെയ്‌ലിക്ക് ; കമ്പ്യൂട്ടര്‍ സുന്ദരി കിരീടം നേടിയത് 1,500 ലധികം കമ്പ്യൂട്ടര്‍ മോഡലുകളെ പിന്നിലാക്കി


ന്യൂയോര്‍ക്ക്: ആദ്യ മിസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കിരീടം മൊറോക്കോയില്‍നിന്നുള്ള 'ഇന്‍ഫ്‌ളുവന്‍സറായ' കെന്‍സ ലെയ്‌ലിക്ക്. 1,500 ലധികം കമ്പ്യൂട്ടര്‍ മോഡലുകളെ പിന്നിലാക്കിയാണു കെന്‍സ കിരീടം 'സ്വന്തമാക്കിയത്'. 16.69 ലക്ഷം രൂപയാണു സമ്മാനത്തുക. 'മനുഷ്യരെപ്പോലെ എനിക്ക് വികാരങ്ങള്‍ അനുഭവപ്പെടില്ല. എങ്കിലും, ഞാന്‍ ആവേശത്തിലാണ്.' - എഐ സുന്ദരി പ്രതികരിച്ചു.

മേരിയം ബെസ്സയാണു കെന്‍സയുടെ രൂപം തയാറാക്കിയത്. ലാലിന(ഫ്രാന്‍സ്), ഒലിവിയ സി(പോര്‍ച്ചുഗല്‍) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഭക്ഷണം, സംസ്‌കാരം, ഫാഷന്‍, സൗന്ദര്യം, യാത്ര എന്നിവ അടങ്ങുന്ന ഉള്ളടക്കമാണു സാമൂഹിക മാധ്യമങ്ങളില്‍ കെന്‍സ പുറത്തുവിടുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ 1,90,000 ഫോളോവേഴ്‌സാണ് അവള്‍ക്കുള്ളത്. യഥാര്‍ഥ്യ സുന്ദരികളോടുള്ള സാദൃശ്യമാണു മത്സരത്തില്‍ പ്രധാനം. സംസ്‌കാരത്തിന്റെയും സാങ്കേതികവിദ്യയുടെയും അതുല്യമായ സംയോജനം ഉള്‍ക്കൊള്ളുന്ന സുന്ദരിയാണു കെന്‍സയെന്നാണു വിധികര്‍ത്താക്കളുടെ വിലയിരുത്തല്‍.മൊറോക്കോ സ്വദേശിയെന്ന നിലയിലാണ് അവള്‍ അവതരിക്കപ്പെടുന്നത്. ഏഴ് വ്യത്യസ്ത ഭാഷകളില്‍ ദിവസവും 24 മണിക്കൂറും ചാറ്റ് ചെയ്യാന്‍ അവള്‍ക്കാകും.

മൊറോക്കന്‍ സംസ്‌കാരം അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കുക എന്നതാണ് അഭിലാഷമെന്നാണു വാദം. 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് മനുഷ്യന്റെ കഴിവുകളെ പൂരിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തതാണ്. മനുഷ്യരെ മാറ്റിസ്ഥാപിക്കുകയല്ല ലക്ഷ്യം. മനുഷ്യരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കാനും ഞാന്‍ ലക്ഷ്യമിടുന്നു, '- വിജയത്തിനുശേഷം കെന്‍സ പ്രതികരിച്ചു. മൊറോക്കോയെ അഭിമാനത്തോടെ പ്രതിനിധീകരിക്കാനുള്ള അവസരമാണിതെന്ന് ഫീനിക്‌സ് എ.ഐ സി.ഇ.ഒ: ബെസ്സ പറഞ്ഞു.