തൊഴിലാളികള്‍ക്കു കിട്ടിയ നിധിശേഖരം പുരാവസ്തുവകുപ്പ് എടുക്കും ; സ്ഥലം ഉടമയ്ക്കു കേരള ട്രഷര്‍ ട്രോവ് നിയമപ്രകാരം വസ്തുവിന്റെ വിപണി വിലയ്ക്കു പുറമേ 20 ശതമാനം അധിക വിലയും നല്‍കും

തൊഴിലാളികള്‍ക്കു കിട്ടിയ നിധിശേഖരം പുരാവസ്തുവകുപ്പ് എടുക്കും ; സ്ഥലം ഉടമയ്ക്കു കേരള ട്രഷര്‍ ട്രോവ് നിയമപ്രകാരം വസ്തുവിന്റെ വിപണി വിലയ്ക്കു പുറമേ 20 ശതമാനം അധിക വിലയും നല്‍കും

കൊച്ചി : തളിപ്പറമ്പ് ശ്രീകണ്ഠപുരത്തു നിന്നു തൊഴിലുറപ്പു തൊഴിലാളികള്‍ക്കു കിട്ടിയ നിധിശേഖരം പുരാവസ്തുക്കളെന്നു പുരാവസ്തു വകുപ്പ്. ശാസ്ത്രീയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവ ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചതായി പുരാവസ്തു വകുപ്പ് അറിയിച്ചു.

പുരാവസ്തുക്കള്‍ കണ്ടെടുത്ത സ്ഥലത്തിന്റെ ഉടമയ്ക്കു വസ്തുക്കളുടെ വിപണി വിലയ്ക്കു പുറമേ 20 ശതമാനം അധിക വിലയും നല്‍കിയാകും ഏറ്റെടുക്കുക. 1968 ലെ കേരള ട്രഷര്‍ ട്രോവ് നിയമപ്രകാരമാണു നടപടി. നിധിശേഖരം 1659 മുതല്‍ 1826 വരെയുള്ള കാലഘട്ടത്തിലേതെന്നു പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കാശുമാലകള്‍, സ്വര്‍ണമുത്തുകള്‍, ചെറിയ കര്‍ണാഭരണങ്ങള്‍, കമ്മലുകള്‍, വെള്ളി നാണയങ്ങള്‍ എന്നിവയാണു നിധിശേഖരത്തിലുള്ളത്. ഏറ്റവും പ്രധാനപ്പെട്ടത് കാശുമാലകളാണ്.

വെനീഷ്യയിലെ മൂന്നു ഭരണാധികാരികളുടെ (ഡ്യൂക്കുകള്‍) കാലത്ത് നിര്‍മിച്ച വെനീഷ്യന്‍ ഡക്കറ്റ് എന്ന സ്വര്‍ണ നാണയങ്ങള്‍ ഉപയോഗിച്ചാണു കാശുമാലകള്‍ നിര്‍മിച്ചത്. 1659 മുതല്‍ 1674 വരെ ഭരിച്ച ഡൊമനികോ കൊണ്ടാരിന, 1752 മുതല്‍ 1762 വരെ ഭരിച്ച ഫ്രാന്‍സിസ്‌കോ കോര്‍ഡാന്‍ തുടങ്ങിയവരുടെ കാലഘട്ടത്തിലെ ഡക്കറ്റുകളാണിവ. ഇത്തരത്തിലുള്ള സ്വര്‍ണത്തിന്റെ 13 കാശുമാലകളാണു ലഭിച്ചത്.

ഫ്രാന്‍സിസ്‌കോ കോര്‍ഡാന്റെ കാലത്തു നിര്‍മിച്ച നാലു സ്വര്‍ണനാണയങ്ങളുമുണ്ട്. സാമൂതിരിയുടെ വീരരായന്‍ പണം എന്നറിയപ്പെടുന്ന രണ്ടുവെള്ളിനാണയങ്ങളാണു മറ്റൊന്ന്. 1826 ലെ ആലിരാജയുടെ കാലത്തുള്ള കണ്ണൂര്‍ പണം എന്നറിയപ്പെടുന്ന രണ്ടു വെള്ളി നാണയങ്ങളും പോണ്ടിച്ചേരിയില്‍നിന്നു ഫ്രഞ്ചുകാര്‍ നിര്‍മിച്ച ഇന്തോ- ഫ്രഞ്ച് നാണയങ്ങളും ഇതിലുണ്ട്. പുതുച്ചേരി നാണയങ്ങള്‍ എന്നാണിവ അറിയപ്പെട്ടിരുന്നത്. കൂടാതെയാണു രണ്ടു സ്വര്‍ണമുത്തുകളും ജിമിക്കികളും ലഭിച്ചത്. ഇൗ നിധിശേഖരത്തിലെ ഏറ്റവും പുതിയവ 1826 ലെ കണ്ണൂര്‍ പണമാണ്. ഇക്കാലത്തിനു ശേഷമായിരിക്കണം നിധിശേഖരം ഇവിടെ കുഴിച്ചിട്ടത്.

അതിനാല്‍, ടിപ്പുവിന്റെ ആക്രമണ ഭീതിയില്‍ കുഴിച്ചിട്ടവയല്ലെന്നും വ്യക്തമാണ്. വ്യാപാര നാണയങ്ങളായതിനാല്‍, ഏറെങ്കിലും കച്ചവടസംഘങ്ങള്‍ കുഴിച്ചിട്ടതാവാനും സാധ്യതയുണ്ട്. പണ്ടത്തെ കച്ചവടമാര്‍ഗങ്ങളായിരുന്ന നദീതീരങ്ങളോടനുബന്ധിച്ചാണു ഇവ കാണാറുള്ളത്. വെനീഷ്യന്‍ ഡക്കറ്റ് ആഭരണമായി കേരളത്തിലെ സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ അണിഞ്ഞിരുന്നു. കവര്‍ച്ചക്കാരെ പേടിച്ചോ കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തേ തുടര്‍ന്നോ മരണപ്പെട്ടതിനാല്‍, തിരിച്ചെടുക്കാന്‍ കഴിയാതെയോ വന്നവയാകാമെന്നും കരുതുന്നു. നിധിയിലെ നാണയങ്ങളില്‍ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല.

ഒരു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു തൊഴിലാളികള്‍ പഞ്ചായത്തിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളും വെള്ളിനാണയങ്ങളും തളിപ്പറമ്പ് ആര്‍.ഡി.ഒയുടെ കസ്റ്റഡിയിലാണ്. ഏറ്റെടുത്ത ശേഷം പുരാവസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍ പറഞ്ഞു.