മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ 23ന്‌, തുടര്‍ച്ചയായി ഏഴാം ബജറ്റ്‌ അവതരിപ്പിക്കാന്‍ നിര്‍മല സീതാരാമന്‍, റെക്കോര്‍ഡ്

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ 23ന്‌, തുടര്‍ച്ചയായി ഏഴാം ബജറ്റ്‌ അവതരിപ്പിക്കാന്‍ നിര്‍മല സീതാരാമന്‍, റെക്കോര്‍ഡ്


file pic

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ ഈ മാസം 23 ന്‌ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനം 22 ന്‌ ആരംഭിച്ച്‌ ഓഗസ്‌റ്റ് 12 ന്‌ അവസാനിക്കുമെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്‌ജു അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കണക്കിലെടുത്ത്‌ ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ്‌ അവതരിപ്പിച്ചിരുന്നു. തുടര്‍ച്ചയായി ഏഴാം ബജറ്റ്‌ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന നിര്‍മല രാജ്യത്ത്‌ ഏറ്റവുമധികം തവണ തുടര്‍ച്ചയായി ബജറ്റ്‌ അവതരിപ്പിച്ച മൊറാര്‍ജി ദേശായിയുടെ റെക്കോഡ്‌ മറികടക്കും. ഇടത്തരം, ശമ്പളക്കാരായ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം, ആദായനികുതി ഘടനയില്‍ മാറ്റം വരുമെന്നതാണ്‌ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്ന്‌, അത്‌ അവരുടെ കൈകളില്‍ ചെലവഴിക്കാന്‍ കൂടുതല്‍ വരുമാനം അവശേഷിപ്പിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം സാധ്യമായതിന്റെ ആവേശത്തിലാണ്‌ പ്രതിപക്ഷം. കഴിഞ്ഞ രണ്ടു ലോക്‌സഭകളിലും ഒഴിഞ്ഞു കിടന്നിരുന്ന പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇത്തവണ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി വര്‍ധിത വീര്യത്തോടെ എത്തിയിരിക്കുന്നുവെന്നതും പ്രത്യേകതയാണ്‌. പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള 'ഇന്ത്യ' സഖ്യം 232 സീറ്റുകള്‍ നേടുകയും ബി.ജെ.പിയെ 240 സീറ്റില്‍ തളയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സഖ്യത്തിന്‌ 293 എം.പിമാരുടെ പിന്തുണയുണ്ട്‌.

നീറ്റ്‌ ചോദ്യപ്പേര്‍ ചോര്‍ച്ച, മണിപ്പുര്‍, അടിയന്തരാവസ്‌ഥ, അഗ്നിപഥ്‌ പദ്ധതി, ഭരണഘടന തുടങ്ങി പ്രത്യേക സമ്മേളനത്തെ പിടിച്ചുലച്ച വിഷയങ്ങള്‍ ബജറ്റ്‌ സമ്മേളനത്തിലും ഉയര്‍ത്തപ്പെടുമെന്നാണു സൂചന.