ആറളം ആനമതിൽ നിർമ്മാണം ദുർഘടമായ മേഖലയിൽ അലൈൻമെന്റിൽ മാറ്റം വരുത്താൻ നിർദ്ദേശം

ആറളം ആനമതിൽ നിർമ്മാണം 
ദുർഘടമായ മേഖലയിൽ അലൈൻമെന്റിൽ മാറ്റം വരുത്താൻ നിർദ്ദേശം 



ഇരിട്ടി:  ആറളം ഫാം, ആറളം പുനരധിവാസ മേഖലകളിലെ ശേഷിക്കുന്ന കാട്ടാനകളെ  വനത്തിലേക്ക് തുരത്തുന്നതിന്റേയും  ആന മതിൽ നിർമ്മാണത്തിന്റെയും അവലോകനയോഗം തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാറിന്റെ  അധ്യക്ഷതയിൽ നടന്നു. വിവിധ ഘട്ടങ്ങളിലായി നടന്ന ആനതുരത്തൽ  എത്രത്തോളം പ്രാവർത്തികമായെന്നും വനത്തിലേക്ക് കയറ്റി വിടുന്ന ആനകൾ തിരിച്ച് വരുന്നതിന്റെ സാഹചര്യവും യോഗം  വിശകലനം ചെയ്തു. അതോടൊപ്പം പുനരധിവാസ മേഖലയിലെ പരിപ്പുതോട് മുതൽ പത്താം ബ്ലോക്കിലെ ആർ ആർ ടി ഓഫീസ് വരെ തുക്ക് ഫെൻസിങ് ഇടാനുള്ള നിർദ്ദേശവും യോഗം  മുന്നോട്ടുവച്ചു. 
ആറളം കാർഷിക ഫാം, പുനരധിവാസ മേഖല തുടങ്ങിയ ഇടങ്ങളിൽ തമ്പടിച്ചു കിടക്കുന്ന ശേഷിക്കുന്ന  ആനകളെ ഘട്ടം ഘട്ടമായി വനത്തിലേക്ക് കയറ്റാൻ യോഗത്തിൽ  പദ്ധതി ആവിഷ്കരിച്ചു. ഇപ്പോൾ  കാടുകയറിയ ആനകളെയും കയറ്റിവിടുന്ന ആനകളേയും  പൂർണ്ണമായും വനത്തിൽ തന്നെ നിലനിർത്തുക എന്നതാണ്  ലക്ഷ്യമാക്കുന്നത്. ഇരു ഭാഗങ്ങളിൽ നിന്നുമായി ആനമതിൽ നിർമ്മാണം   പൂർത്തീകരിച്ച് വരികയാണ്. 
നിലവിലെ സാഹചര്യത്തിൽ പുനരധിവാസ മേഖലയുടെ വനാതിർത്തിയിലാണ് ആനമതിൽ നിർമ്മാണം നടന്നുവരുന്നത്. ഇതിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരം മതിൽ നിർമ്മിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ആ മേഖലയിൽ റെയിൽ ഫെൻസിംഗ്  ആണ് പദ്ധതിയിൽ വിഭാവനം  ചെയ്തിരിക്കുന്നത്. റെയിൽ ഫെൻസിംഗിനും മതിൽ നിർമ്മാണത്തിനും ഒരേ തുക തന്നെയാണ്  വകയിരുത്തിയിരിക്കുന്നത്. നിലവിൽ മതിൽ നിർമ്മിക്കുന്ന പ്രദേശം ചെങ്കുത്തായ പാറകൾ നിറഞ്ഞ പ്രദേശമാണ്.  പുനരധിവാസ മേഖലയിലെ താളിപ്പാറ മുതൽ വനാതിർത്തി വരെയുള്ള പ്രദേശം  ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചു  നൽകിയെങ്കിലും കേവലം 15ൽ  താഴെ കുടുംബങ്ങൾ മാത്രമാണ്  താമസിച്ചു വരുന്നത്. ഇവർക്ക് വേണ്ട ഗതാഗത സൗകര്യവും  ജലസേചന സൗകര്യവും നാളിതുവരെയായിട്ടും ഒരുക്കാൻ കഴിഞ്ഞിട്ടുമില്ല. ഇതുമൂലം  ഈ പ്രദേശത്ത് ജീവിക്കുന്നവർ ഏറെ ദുരിതം അനുഭവിക്കുകയാണ്. ആനകളെ ഈ പ്രദേശത്തു നിന്നും തുരത്തുവാനുള്ള പ്രയാസവും നേരിടുന്നതായി  വനം വകുപ്പ് ഉദ്യോഗസ്ഥരും  അറിയിച്ചു. 
മതിൽ നിർമ്മിക്കുന്ന ഒരു കിലോമീറ്ററോളം പ്രദേശം ചെങ്കുത്തായ പാറക്കെട്ട് നിറഞ്ഞ പ്രദേശമായതിനാൽ ഇവിടെ നിന്നും  മരങ്ങൾ മുറിച്ചുമാറ്റുന്ന സാഹചര്യമുണ്ടായാൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലും പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുവാൻ സാധ്യതയുണ്ടെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. ഭാവിയിൽ റോഡ് അടക്കമുള്ള വികസനങ്ങൾ കൊണ്ടുവരുന്നതിന് വകുപ്പിന് വലിയ തുക മുടക്കേണ്ട സാഹചര്യവും  നിലനിൽക്കുകയാണ്. മേൽ സാഹചര്യങ്ങൾ വിലയിരുത്തി കൊണ്ട് നിലവിൽ നിർമ്മിക്കപ്പെടുന്ന ആറളം ഫാമിലെ ആനമതിൽ കോട്ടപ്പാറയിൽ നിന്ന് ചെങ്കുത്തായ പ്രദേശങ്ങളും പാറക്കെട്ടുകളും  ഒഴിവാക്കിക്കൊണ്ട് പുതിയ അലൈൻമെന്റ് എന്ന ആശയം യോഗത്തിൽ  മുന്നോട്ടുവെച്ചു . ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും അഭിപ്രായം ഇതിനായി സമാഹരിച്ചു. അതോടൊപ്പം പ്രദേശവാസികളുടെ അഭിപ്രായവും സ്വീകരിക്കണമെന്ന് യോഗ അധ്യക്ഷനായ സബ് കലക്ടർ അറിയിച്ചു. 
യോഗത്തിൽ സബ്കലക്ടറെക്കൂടാതെ ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ആറളം ഫാം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി.നിതീഷ് കുമാർ, ഐടിഡിപി ജില്ലാ പ്രൊജക്ട് ഓഫിസർ വിനോദ്, മരാമത്ത് അസിസ്‌റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലജിഷ് കുമാർ, കൊട്ടിയൂർ റേഞ്ചർ സുധീർ നെരോത്ത്, ആറളം അസിസ്‌റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, മണത്തണ ഫോറസ്‌റ്റർ സി.കെ. മഹേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.    
തുടർന്ന്  സബ് കലക്ടർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ കോട്ടപ്പാറ പ്രദേശം സന്ദർശിക്കുകയും ചെയ്തു.