അമീബിക് മസ്തിഷ്‌ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി; ഉന്നത തല യോഗം ചേര്‍ന്നു

അമീബിക് മസ്തിഷ്‌ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി; ഉന്നത തല യോഗം ചേര്‍ന്നു


തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെ മൂന്ന് കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളിലാണ്  അസുഖം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടി ഡോ. വേണു വി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ ശ്രീകുമാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്  ഫാറൂഖ് കോളേജ് മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരിയും , കണ്ണൂര്‍ തോട്ടട സ്വദേശിയായ പതിമൂന്നു വയസുകാരിയും അടുത്തിടെ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെയാണ് ഈ മൂന്ന് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

കുളത്തിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നും പകരുന്ന രോഗമാണ് ഇതെന്ന് ഡോക്ടർമാർ പറയുമ്പോഴും സംശയങ്ങളും ചോദ്യങ്ങളും നിരവധിയാണ്.  മരണ നിരക്കിന്‍റെ കാര്യത്തില്‍ നിപയെ പോലും വെല്ലുന്ന ഈ രോഗത്തിന് കൃത്യമായ മരുന്നുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുവരെയുളള കണക്കുകളനുസരിച്ച് കുട്ടികള്‍ മാത്രമാണ് രോഗത്തിന്‍റെ ഇരകള്‍. രാജ്യത്ത് തന്നെ വളരെ കുറച്ച് മാത്രമേ ഈ രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയതിട്ടുള്ളൂ. അതുകൊണ്ട് തന്നെ കാര്യമായ പഠങ്ങളും ഈ രോഗത്തെക്കുറിച്ച് നടന്നിട്ടില്ല.