രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ; പ്രതിഷേധം നീറ്റ് വിഷയത്തിൽ


രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ; പ്രതിഷേധം നീറ്റ് വിഷയത്തിൽ


ദില്ലി: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. നീറ്റ് - നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ. ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികൾ പാര്‍ലമെൻ്റിലേക്ക് മാർച്ച് നടത്തി. ജന്തർ മന്തറിൽ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. നീറ്റ് പരീക്ഷ വീണ്ടും നടത്തുക , നരേന്ദ്ര മോദി സർക്കാർ  വിദ്യാർത്ഥികളുമായി ചർച്ച നടത്തുക, നീറ്റ് - നെറ്റ് പരീക്ഷകളുടെ ക്രമക്കേട് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. എഐഎസ്എഫ്, എഐഎസ്എ, സമാജ് വാദി ഛാത്ര് സഭ, എസ്എഫ്ഐ എന്നീ പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകളുടെ നേതൃത്വത്തിലാണ് മാർച്ച്.