രാഹുല്‍ഗാന്ധി മണിപ്പൂരിലേക്ക് ; കലാപബാധിതരെ സന്ദര്‍ശിക്കും, അസമിലെ പ്രളയബാധിത പ്രദേശങ്ങളിലുമെത്തും

രാഹുല്‍ഗാന്ധി മണിപ്പൂരിലേക്ക് ; കലാപബാധിതരെ സന്ദര്‍ശിക്കും, അസമിലെ പ്രളയബാധിത പ്രദേശങ്ങളിലുമെത്തുംന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കലാപകലുഷിതമായ മണിപ്പൂര്‍ സന്ദര്‍ശിക്കുന്നു.പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായിട്ടാണ് രാഹുല്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങളിലെയും നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തും. അസമിലെ പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. മണിപ്പൂരിലെയും അസമിലെയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുന്നുണ്ട്.

അസമിലെ പ്രളയബാധിത ജില്ലയായ കാച്ചാറിലാവും ആദ്യം രാഹുല്‍ ഗാന്ധി എത്തുക. ഇവിടുത്തെ ഫുലെര്‍ത്തലില്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയവരെ രാഹുല്‍ ഗാന്ധി കാണും. മണിപ്പൂരില്‍ പലായനം ചെയ്തവരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അടുത്തിടെ സംഘര്‍ഷം നടന്ന മണിപ്പൂരിലെ ജിരിബാമിലെത്തി പലായനം ചെയ്തവരുമായി സംസാരിക്കും. ചുരാചന്ദ്പൂരിലും മൊയിറാങിലും ദുരിതാശ്വാസ ക്യംപുകളിലും എത്തും. സംസ്ഥാന ഗവര്‍ണ്ണര്‍ അനസൂയ ഉയിക്കയെ കണ്ട ശേഷം വാര്‍ത്താ സമ്മേളനം നടത്തും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ രണ്ടു സീറ്റുകളിലും കോണ്‍ഗ്രസ് ജയിച്ചിരുന്നു. രാഹുലിന്റെ സന്ദര്‍ശനം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് എം പിമാര്‍ കൂടി പങ്കെടുത്ത യോഗം ഇന്നലെ ഇംഫാലില്‍ ചേര്‍ന്നിരുന്നു. ഇന്ന് രാഹുല്‍ പി സി സി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.

പതിപക്ഷ നേതാവ് ആയ ശേഷമുളള ആദ്യ ലോക്‌സഭാ പ്രസംഗത്തിലും രാഹുല്‍ മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ആദ്യ മണിപ്പൂര്‍ സന്ദര്‍ശനം. പ്രധാനമന്ത്രിയും ബി ജെ പിയും മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും കണ്ടില്ലെന്ന് നടക്കുകയാണെന്നും ആവര്‍ത്തിച്ചിരുന്നു.