രാത്രി 1 മണിക്ക് കിട്ടിയ ഫ്രണ്ട് റിക്വസ്റ്റ്, ചാറ്റും മൊബൈൽ ഫോൺ കൈമാറ്റവും യുവാവിന് കെണിയായി; 2.5 ലക്ഷം തട്ടി


രാത്രി 1 മണിക്ക് കിട്ടിയ ഫ്രണ്ട് റിക്വസ്റ്റ്, ചാറ്റും മൊബൈൽ ഫോൺ കൈമാറ്റവും യുവാവിന് കെണിയായി; 2.5 ലക്ഷം തട്ടി


മുംബൈ: അർദ്ധരാത്രി ഇൻസ്റ്റഗ്രാമിൽ ലഭിച്ച ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ നടന്ന ചാറ്റുകളും കെണിയായി. ബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെന്ന് പരാതി. മുംബൈയിൽ വെച്ച് ഓഗസ്റ്റ് 15ന് രാത്രിയായിരുന്നു സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. സ്വകാര്യ ബാങ്കിൽ സീനിയർ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന 26 വയസുകാരനാണ് തിങ്കളാഴ്ച പൊലീസിനെ സമീപിച്ചത്. 

മുബൈയിലെ പ്രഭാദേവി പ്രദേശത്ത് താമസിക്കുന്ന യുവാവിന് പുലർച്ചെ ഒരു മണിക്ക് ഇൻസ്റ്റഗ്രാമിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. കൃതി ശർമ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്ന് കിട്ടിയ റിക്വസ്റ്റ് സ്വീകരിച്ച ശേഷം അപ്പോൾ തന്നെ ചാറ്റ് ചെയ്യാൻ ആരംഭിച്ചുവെന്നും പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ വിശദീകരിക്കുന്നു. ചാറ്റിനിടയിൽ യുവതി മൊബൈൽ നമ്പർ ചോദിച്ചു. യുവാവ് അത് കൈമാറുകയും ചെയ്തു. പിന്നാലെ യുവതി വാട്സ്ആപ്പിൽ വീഡിയോ കോൾ ചെയ്തു.

കോൾ സ്വീകരിച്ചപ്പോൾ മറുഭാഗത്ത് യുവതിയെ നഗ്നയായ നിലയിലാണ് കണ്ടതെന്നാണ് പരാതിയിൽ പറയുന്നത്. യുവാവിനോടും വസ്ത്രങ്ങൾ മാറ്റാൻ യുവതി നിർദേശിച്ചു. എന്നാൽ താൻ അറിയാതെ യുവതി വീഡിയോ റെക്കോർഡ് ചെയ്തതായി പരാതിയിൽ ആരോപിക്കുന്നുണ്ട്. പിന്നാലെ പുലർച്ചെ 1.20ന് ഇതേ നമ്പറിൽ നിന്ന് വാട്സ്ആപ്പ് വഴി യുവാവിന്റെ നഗ്ന വീഡിയോ അയച്ചുകൊടുത്തു. 

ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ ഇൻസ്റ്റഗ്രാം കോൺടാക്ടിലുള്ള എല്ലാവർക്കും ഈ വീഡിയോ അയച്ചുകൊടുക്കും എന്നായിരുന്നു ഭീഷണി. ഒരു ലക്ഷം രൂപ നൽകിയാൽ വീഡിയോ ഡിലീറ്റ് ചെയ്യാമെന്നായിരുന്നു ആദ്യ വാഗ്ദാനം. ഇങ്ങനെ വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ വാങ്ങി. 

അഞ്ച് യുപിഐ ഇടപാടുകളിലൂടെയാണ് യുവാവ് പണം കൈമാറിയത്. വീണ്ടും ഭീഷണി തുടർന്നതോടെ കെണിയിലായി എന്ന് തിരിച്ചറിഞ്ഞ യുവാവ് ദാദർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.