പറഞ്ഞിട്ട് കേട്ടില്ല, മാലിന്യം പുറത്തേക്കൊഴുക്കി; 16 കന്നുകാലികളെ പിടിച്ചെടുത്ത് ഒറ്റയടിക്ക് ലേലം ചെയ്തു

പറഞ്ഞിട്ട് കേട്ടില്ല, മാലിന്യം പുറത്തേക്കൊഴുക്കി; 16 കന്നുകാലികളെ പിടിച്ചെടുത്ത് ഒറ്റയടിക്ക് ലേലം ചെയ്തു


കോഴിക്കോട്:  അനധികൃതമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന കന്നുകാലി ഫാമില്‍ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കിയതിനെതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി പഞ്ചായത്ത് അധികൃതര്‍. കോഴിക്കോട് പെരുവയല്‍ പഞ്ചായത്തിലെ പേരിയ കോഴിച്ചിറയിലെ കന്നുകാലി ഫാമിനെതിരേയാണ് നടപടി സ്വീകരിച്ചത്. ഫാമിലെ മുഴുവന്‍ കന്നുകാലികളെയും പിടിച്ചെടുത്ത് ലേലം ചെയ്തു.

പ്രദേശവാസികള്‍ പരാതിയുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് രണ്ട് മാസം മുന്‍പ് തന്നെ ഉടമക്ക് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ് സുബിത തോട്ടാഞ്ചേരി പറഞ്ഞു. ലൈസന്‍സ് ഇല്ലാതെയും അശാസ്ത്രീയമായ രീതിയില്‍ ഫാമില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൈകാര്യം ചെയ്തുമാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. മുഴുവന്‍ കന്നുകാലികളെയും ഫാമില്‍ നിന്ന് മാറ്റണണെന്ന് ആവശ്യപ്പെട്ടിരുന്നതായും പ്രസിഡന്‍റ് പറഞ്ഞു. 

മുന്നറിയിപ്പ് കാലാവധി കഴിഞ്ഞപ്പോഴാണ് പഞ്ചായത്ത്  പ്രസിഡന്‍റും സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം നടപടിയുമായി മുന്നോട്ടുവന്നത്. ആറ് പശുക്കളും നാല് കിടാരികളും ആറ് പോത്തുകളുമാണ് ഫാമില്‍ ഉണ്ടായിരുന്നത്. ഇവയെ മുഴുവനും പഞ്ചായത്ത് അധികൃതർ പിടിച്ചെടുത്ത് ലേലത്തില്‍ വിറ്റു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു. കന്നുകാലികളെ ലേലം ചെയ്തത്  കൂടാതെ ഉടമയില്‍ നിന്ന് പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.