2 പുതിയ റെയിൽപാത; 6,456 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ സമിതി അംഗീകാരം നൽകി

2 പുതിയ റെയിൽപാത; 6,456 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ സമിതി അംഗീകാരം നൽകി


ന്യൂഡൽഹി
രണ്ട് പുതിയ റെയിൽപാത, മൾട്ടിലെവൽ ട്രാക്കിങ് എന്നിങ്ങനെ 6,456 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ സമിതി അംഗീകാരം നൽകി. ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഏഴ് ജില്ലകളിലാണ് പദ്ധതി. നേരിട്ടുള്ള റെയിൽ കണക്ടിവിറ്റി രണ്ട് പുതിയ റെയിൽപാതകൾവഴി സാധ്യമാക്കും. ഏറ്റവും തിരക്കേറിയ ഇടങ്ങളിലെ റെയിൽ ട്രാഫിക്ക് കുറയ്ക്കാനാണ് മൾട്ടിലെവൽ ട്രാക്കിങ്. കാർഷികോൽപ്പന്നങ്ങൾ, വളം, കൽക്കരി, ഇരുമ്പയിര്, ഉരുക്ക്, സിമന്റ്, ചുണ്ണാമ്പുകല്ല് തുടങ്ങിയയുടെ വേഗത്തിലുള്ള നീക്കത്തിന് പദ്ധതി സഹായിക്കും. റെയിൽശൃംഖലയിൽ 300 കിലോമീറ്ററാണ് കൂട്ടിച്ചേർക്കപ്പെടുക. 1.14 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്ന ബൃഹദ്പദ്ധതി 2028–-29ഓടെ പൂർത്തിയാക്കും. 234 നഗരങ്ങളിലായി 730 സ്വകാര്യ എഫ്എം റേഡിയോ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജലവൈദ്യുത പദ്ധതികൾക്ക് 4136 കോടിയുടെ കേന്ദ്രസഹായം, കാർഷികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്താൻ കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എഐഎഫ്) വിപുലപ്പെടുത്തൽ എന്നിവയയ്ക്കും ക്യാബിനറ്റ്യോഗം അംഗീകാരം നൽകി.