2018 ഓഗസ്റ്റ് 8
കടന്നുപോവുന്നത് മഴക്കാല ദുരന്തങ്ങളുടെ ഭീതിതമായ ഓർമ്മ പുതുക്കുന്ന ദിനം
ഇരിട്ടി: 2018 ഓഗസ്റ്റ് 8 എന്നത് ഇരിട്ടിയുടെയും ഇരിട്ടിയുടെ മലയോര മേഖലകളിൽ അധിവസിക്കുന്ന ആയിരക്കണക്കായ ജനതക്കും ഓർമ്മയിൽ നിന്നും മായാത്ത ഒരു ദുരന്ത ദിനമായിരുന്നു. മഴക്കാല ദുരന്തങ്ങളുടെ ഭീതിതമായ ഓർമ്മ പുതുക്കുന്ന ആ ദിനമാണ് ഇന്ന് കടന്നുപോവുന്നത്.
ഇരിട്ടിയുടെ മലയോര മേഖലയിൽ രണ്ട് ദിവസം തുടർച്ചയായി തിമർത്ത് പെയ്ത മഴയിൽ പത്തിലേറെ ഇടങ്ങളിലാണ് ഉരുൾപൊട്ടലും വൻ നാശ നഷ്ടവും ഉണ്ടായത്. അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയം, ബാരാപോൾ, ഉരുപ്പുംകുറ്റി, തുടിമരം, കളിതട്ടുംപാറ, പാറക്കാമല, ആറളം പഞ്ചായത്തിലെ ആറളം വനം , പരിപ്പുതോട് , ഉളിക്കൽ പഞ്ചായത്തിലെ കോളിത്തട്ട്, ഉപദേശിക്കുന്ന് , കാഞ്ഞിരക്കൊല്ലി, ഇതിനോട് ചേർന്ന അതിർത്തി പ്രദേശങ്ങളിലെ കർണ്ണാടക വനമേഖലകൾ എന്നിവിടങ്ങളിലാണ് അന്ന് ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയിൽ ഏഴോളം വീടുകളും പാടേ തകർന്നു വീണു.
അയ്യങ്കുന്നിലെ ഉരുൾ പൊട്ടലിൽ നഷ്ടമായത് ഒരു കുടുംബത്തിലെ രണ്ട് ജീവനുകൾ
അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ ഉണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് വീടുതകർന്ന് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. എടപ്പുഴ സ്വദേശി ഇമ്മുട്ടിയിൽ തോമസ് (70 ), ഇദ്ദേഹത്തിന്റെ മകൻ ജയ്‌സന്റെ ഭാര്യ ഷൈനി (40 ) എന്നിവരാണ് മരിച്ചത്. സന്ധ്യക്ക് 6 മണിയോടെ ആയിരുന്നു ദാരുണമായ അപകടം നടന്നത് . എടപ്പുഴ കിഴക്കാണം മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കല്ലും മണ്ണും ചെളിയുമടക്കം ഇവരുടെ വാർപ്പ് വീടിന്റെ മുകളിൽ പതിക്കുകയായിരുന്നു. ഇരിട്ടിയിൽ നിന്നും മറ്റും അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും ജെ സി ബിയും മറ്റും ഇവിടേയ്ക്ക് എത്തിക്കാൻ കഴിയാതായതോടെ മണ്ണും കല്ലും മറ്റും മാറ്റി ഇവരെ പുറത്തെടുക്കുക ദുഷ്കരമായി. രണ്ടു മണിക്കൂറിലധികം നേരത്തെ പ്രവർത്തനത്തിനൊടുവിലാണ് ഇവിടെ വന്നടിഞ്ഞ പാറക്കലുകളും മണ്ണും മറ്റും മാറ്റി അതിനടിയിൽ നിന്നും ഇവരെ പുറത്തെടുക്കാനായത്. അപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു.
സുരക്ഷ മുൻനിർത്തി നിരവധി കുടുംബങ്ങളെ
അയ്യൻകുന്നിലെ പാറക്കാമലയിൽ മുപ്പത്തി അഞ്ചോളം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. മുടിക്കയത്ത് മൂന്ന് കുടുംബങ്ങളേയും ഉളിക്കൽ മേഖലയിൽ പത്തോളം കുടുംബങ്ങളേയും മാറ്റിപ്പാർപ്പിച്ചു. ആനപന്തി, അങ്ങാടിക്കടവ്, വാണിയപ്പാറ, വട്ടിയാംതോട്, മാട്ടറ, മണിക്കടവ് തുടങ്ങിയ ടൗണുകൾ വെള്ളത്തിനടിയിലായി. വാണിയപ്പാറ, ആനപ്പാറ, തൊട്ടിപ്പാലം തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. വട്ടിയാംതോട് - കാഞ്ഞിരക്കൊല്ലി റോഡിലെ വിവിധ ഭാഗങ്ങൾ, ഉളിക്കൽ - പയ്യാവൂർ മലയോര പാതയിൽ തോണിക്കടവ്, ഉളിക്കൽ - കോക്കാട് - കണിയാർ വയൽ റോഡിലെ പരിക്കളം, തേർമല, തിരൂർ, കാഞ്ഞിലേരി, പേരട്ട - തൊട്ടിൽപ്പാലം റോഡിലെ കുണ്ടേരി പാലം, റോഡ് എന്നിവ വെള്ളത്തിനടിയിലായി. വയത്തൂർ, വട്ടിയാംതോട് പാലങ്ങളും വെള്ളം കയറി മുങ്ങി.
പാറക്കാമല, പരിപ്പുതോട് എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് കക്കുവപ്പുഴ കരകവിഞ്ഞൊഴുകി. ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയായ പതിമൂന്നാം ബ്ലോക്കിന്റെ പല ഭാഗങ്ങളും വെള്ളം കയറി മുങ്ങി. പരിപ്പുതോട് പാറക്കാമല കോൺക്രീറ്റ് പാലം മലവെള്ളത്തിൽ ഒഴുകിപ്പോയി. വെളിമാനം, മാങ്ങോട് സ്‌കൂളുകളിലെ വിയറ്റ്നാം കോളനിയിലേക്ക് പോകേണ്ട നിരവധി വിദ്യാർത്ഥികൾ റോഡിൽ വെള്ളം കയറിയതുമൂലം വീട്ടിലെത്താൻ കഴിയാത്ത അവസ്ഥയിലായി. ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനയും ആറളം പോലീസും ചേർന്ന് ഇവരെ ഇവിടെ നിന്നും സാഹസികമായി മാറ്റി ആറളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
വീടിന് പിറകുവശത്തെ കുന്നിടിഞ്ഞുവീണ് തൊട്ടിപ്പാലം ഉപദേശിക്കുന്നിലെ ആമേരി വനജയും കുടുംബവും താമസിക്കുന്ന വീടിന്റെ പുറകുവശവും അടുക്കളയും തകർന്നു. രാവിലെ 7മണിയോടെ ആയിരുന്നു സംഭവം. ഈ സമയത്ത് ഈ ഭാഗത്ത് ആരും ഇല്ലാതിരുന്നത് മൂലം ആളപായം ഒഴിവായി. ഇവിടെത്തന്നെ കുറുപ്പശ്ശേരി ക്ഷമയാക്ഷിയുടെ വീട്ടുകിണറും വീടിന്റെ പിന്ഭാഗവും ഇടിഞ്ഞു വീണു. ആനപ്പാറയിൽ പുന്നത്താനം ഷാജിയുടേയും, തെക്കേ മഠത്തിൽ തങ്കപ്പന്റേയും വീടുകൾ വെള്ളം കയറി ഒറ്റപ്പെട്ടു. ഇവരുടെ കുടുംബങ്ങളെ ഇരിട്ടി അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് വടംകെട്ടി പുറത്തെത്തിക്കുകയായിരുന്നു.
മാക്കൂട്ടം- പെരുമ്പാടി ചുരം പാതയിലെ മെതിയടിപ്പാറയിൽ മരം റോഡിനു കുറുകെ കടപുഴകിയതിനെ തുടർന്ന് തലശേരി-കുടക് സംസ്ഥാനാന്തര പാതയിൽ ആറു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കാക്കുവ - ആറളം പുഴകൾ നിറഞ്ഞൊഴുകിയതിനെത്തുടർന്ന് പാലപ്പുഴ പാലം കര കവിഞ്ഞ് കാക്കയങ്ങാട്- ആറളം ഫാം- കിഴ്പ്പള്ളി റൂട്ടിലും ചേന്തോട് കലുങ്ക് കര കവിഞ്ഞ് ആറളം - മണത്തണ മലയോര ഹൈവേയിലും ഗതാഗതം തടസപ്പെട്ടു.
ആദ്യ ഉരുൾപൊട്ടൽ മുടിക്കയത്ത്
രണ്ടു ദിവസം തുടർന്ന കനത്ത മഴയിൽ അയ്യൻകുന്നിലെ മുടിക്കയത്തും ഉരുൾപൊട്ടി. ആ വർഷത്തെ ആദ്യ ഉരുൾപൊട്ടൽ ഇവിടെയായിരുന്നു. മങ്കര ദേവസ്യ, ഇടശേരി ജോസഫ് എന്നിവരുടെ സ്ഥലത്താണ് ഉരുൾ പൊട്ടൽ ഉണ്ടായത്. ഇവിടെനിന്നും കല്ലും മണ്ണും മരങ്ങളും അടക്കം കുത്തിയൊലിച്ച് മുടിക്കയം - പുല്ലൻപാറതട്ട് റോഡ് ഒഴുകിപോയി. മലവെള്ളം ഒഴുകിയെത്തി ചെളി നിറഞ്ഞതിനെ തുടർന്ന് മുടിക്കയം - തുടിമരം കൊല്ലി റോഡ് തകർന്നതുമൂലം 30 കുടുംബങ്ങൾ ഒറ്റപ്പെട്ടു. നിരവധി വാഹനങ്ങളും മേഖലയിൽ കുടുങ്ങി .
ബാരാപോളിൽ കനാൽ നിന്നും ചോർച്ചയുള്ളതായും ഇത് വീടുകൾക്കും കൃഷി സ്ഥലത്തിനും ഭീഷണി ഉയർത്തുന്നതായും പ്രദേശവാസികൾ നേരത്തെ പരാതി ഉന്നയിച്ച മേഖലയിലുള്ള പല്ലാട്ട് ജോസിന്റെ സ്ഥലത്താണ് ഉരുൾപൊട്ടിയത്. പ്രദേശത്തു കനത്ത ഉറവയും കണ്ടെത്തി.
തുടർന്ന് ഉരുപ്പുംകുറ്റിയിലും കളിതട്ടുംപാറയിലും തുടിമരത്തും വനത്തിലടക്കം ഉരുൾപൊട്ടി. വെമ്പുഴ, കൊണ്ടൂർ പുഴ, വാണിയപ്പാറ, ഈന്തുംകരി, കളിതട്ടുംപാറ എന്നീ പുഴകളും തോടുകളും കരകവിഞ്ഞൊഴുകാൻ തുടങ്ങി. ആറളം വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ബാവലി പുഴ കരകവിഞ്ഞ് പാലപ്പുഴ പാലപ്പുഴ പാലം വെള്ളത്തിനായിലായി. ശമനമില്ലാതെ നിർത്താതെ തുടർന്ന മഴയിൽ മലയോരത്തെങ്ങും ജനങ്ങൾ ഭീതിയിലായി.
നിലക്കാതെ പെയ്ത മഴയിൽ മലയോരത്ത് പാടേ തകർന്നു വീണത് ഏഴു വീടുകൾ
ആറുവീടുകൾ നിർമ്മിച്ച് നൽകിയത് സേവാഭാരതി
2018 പ്രളയത്തിൽ ഇരിട്ടി മേഖലയിൽ ഏഴ് വീടുകളാണ് പാടേ തകർന്നുവീണത്. ഏഴു വീടുകളിൽ ആറ് വീടുകളും നിർമ്മിച്ചു നൽകിയത് സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയിൽ . കുടുംബവും ജനങ്ങളും നോക്കിനിൽക്കെയാണ് പല വീടുകളും തകർന്നു വീണത്. ഇതോടെ ദുരിതത്തിലായ കുടുംബങ്ങളെ ആശ്വസിപ്പിച്ച് സേവാഭാരതി എല്ലാവീടുകളും തങ്ങൾ നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും പ്രാവർത്തികമാക്കുകയുമായിരുന്നു.
നാട്ടുകാരും കുടുംബവും നോക്കി നിൽക്കെ മണ്ണിടിഞ്ഞു തകർന്നുവീണ ഇരുനില വീടിന്നുടമകളായ കരിക്കോട്ടക്കരിയിലെ ഒറ്റപ്പനാൽ മോഹനൻ, വര്ഷങ്ങളായി തളർ വാതം വന്നു കിടപ്പിലായ തടത്തിൽ ബാബു , വാണിയപ്പാറയിലെ തെക്കുംപുറത്ത് കൃഷ്്ണൻകുട്ടി, എടക്കാനത്തെ മഠത്തിനകത്ത് ബേബി, പേരട്ടയിലെ കല്ലൻ ലീല, നേരംപോക്ക് പ്രഗതി കോളേജിന് സമീപത്തെ നാലുപുരക്കൽ പത്മിനി എന്നിവർക്കാണ് വീടുകൾ നിർമ്മിച്ച് നൽകിയത്. പത്മിനി വീടിനായി തറയൊരുക്കി നിൽക്കുമ്പോഴാണ് സമീപത്തെ കുന്ന് നിരങ്ങി വീണ് വീടെന്ന സ്വപ്നം തകരുന്നത്. ഇവിടെ വീട് നിർമ്മിക്കാൻ പാടില്ലെന്ന അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് സേവാഭാരതി വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.
പ്രളയം തകർത്ത മാഞ്ചോട് പാലം പുനർ നിർമ്മിക്കാതെ അധികൃതർ
2018 ലെ പ്രളയം തകർത്ത ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലം ഇതുവരെ പുനർ നിർമ്മിക്കാതെ അധികൃതർ. നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കാനായി വിദഗ്ധ സംഘവും മറ്റും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി ഉപരിശോധന നടത്തിയെങ്കിലുംപാലം നിർമ്മാണം എങ്ങുമെത്തിയില്ല. പാറക്കമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ച മലവെള്ളപ്പാച്ചിലിലാണ് പാലവും തകർന്നത്. ഇരു പഞ്ചായത്തുകളുടെ അതിർത്തിയിൽ ആറളം പഞ്ചായത്തിലെ മാഞ്ചോടിനെ അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയുമായി ബന്ധിപ്പിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രാമാർഗ്ഗമാണ് ഈ പാലം. പ്രളയകാലത്ത് ജില്ലയിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ പ്രധാനപ്പെട്ട നഷ്ടമായിരുന്നു പാലത്തിന്റെ തകർച്ച. അന്ന് സ്ഥലത്തെത്തിയ സൈന്യം മണിക്കൂറുകൾകൊണ്ട് താല്ക്കാലിക പാലം നിർമ്മിക്കുകയായിരുന്നു. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഉടനെ പുതിയ പാലം നിർമ്മിക്കുമെന്ന സർക്കാരിന്റെ അന്നത്തെ വാഗ്ദാനം പാഴായി. ഇതിനിടയിൽ സൈന്യം നിർമ്മിച്ച താത്കാലിക പാലവും രണ്ടുവർഷം മുൻപ് തകർന്നു പോയിരുന്നു. ഈ പാലം തകരുന്നതിന് മുൻമ്പ് പുതിയ പാലം എത്തുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. നിരന്തരം പാലത്തിനായി കലക്ടർക്കും വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി കാത്തിരുന്നെങ്കിലും ഫലമൊന്നും ഉണ്ടായില്ല.