കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ പാവന്നൂര്‍ മൊട്ട സ്വദേശിയായ ബിജുവും കുടുംബവും സ്വപ്‌നതുല്യമായ അംഗീകാരത്തിന്റെ നിറവിലാണ്. ‘കെഎല്‍ ബ്രോ ബിജു റിത്വിക്’ 50 മില്യണ്‍ പ്ലേ ബട്ടണ്‍ സ്വന്തമാക്കിയ മലയാളം ഫാമിലി യൂട്യൂബ് ചാനലാണിത്. 5.35 കോടി സബ്‌സ്‌ക്രൈബര്‍മാരെയാണിവര്‍ സ്വന്തമാക്കിയത്. ഭാരതത്തില്‍ തന്നെ ഇതാദ്യം. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ യൂട്യൂബ് അധികൃതരാണ് ഏറ്റവും വിലമതിക്കുന്ന രണ്ടാമത്തെ കസ്റ്റമൈസ്ഡ് പ്ലേ ബട്ടണ്‍ കുടുംബത്തിന് സമ്മാനിച്ചത്.
ബിജുവും ഭാര്യ കവിതയും മകന്‍ റിത്വിക്കും അമ്മ കാര്‍ത്ത്യായനിയും സഹോദരിയുടെ മകള്‍ അനുലക്ഷ്മിയുമാണ് ചാനലിലെ മുഖങ്ങള്‍. നിഷ്‌കളങ്കമായ അവതരണ ശൈലി കൊണ്ടും വേറിട്ട ഭാഷാശൈലി കൊണ്ടും പ്രേക്ഷകഹൃദയം കീഴടക്കിയ കുടുംബം. നിസ്വാര്‍തമായ പരിശ്രമത്തിന് ജനങ്ങള്‍ നല്കിയ അംഗീകരമണീ പ്ലേ ബട്ടണ്‍.
ബസ് ഡ്രൈവറാണ് ബിജു ബ്രോ. നാടക നടനും. ഷോര്‍ട്ട് ഫിലിമിലും വന്നിട്ടുണ്ട്. ടിക് ടോക്കില്‍ സജീവമായിരുന്നു. ടിക് ടോക് നിരോധിച്ച ശേഷം ഷോര്‍ട്ട് വീഡിയോകളിലുടെയും വെബ് സീരിസിലൂടെയും യൂട്യൂബിലെത്തി. വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം ബിജു തന്നെ. ഒപ്പം അഭിനയവും. സിനിമയില്‍ അഭിനയക്കണമെന്നാണ് ബിജുവിന്റെ ആഗ്രഹം.