ഇടുക്കി: വ്യാജ ഡോക്ടർ ചമഞ്ഞ് ഇടുക്കി ഏലപ്പാറ സ്വദേശിയുടെ പക്കൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അമ്മയും മകനെയും പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കിടങ്ങൂർ മംഗലത്ത്‌കുഴിയിൽ ഉഷ, അശോകൻ, മകൻ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. മകന്‍റെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിയ ഏലപ്പാറ സ്വദേശി പ്രദീഷ് ആണ് തട്ടിപ്പിന് ഇരയായത്. ഡോക്ടറുടെ വേഷത്തിൽ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്ന വിഷ്ണു, പ്രദീഷിനെ ആശുപത്രി കാര്യങ്ങളിൽ സഹായിച്ചുകൊണ്ട് പരിചയത്തിലായത്.
മെഡിക്കൽ കോളേജിലെ ഡോക്ടറാണെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് പ്രദീഷിന്‍റെ പിതാവിന്‍റെ ചികിത്സയ്ക്കായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴും പ്രദീഷ് വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നു. ചികിത്സയ്ക്കായി 55 ലക്ഷം രൂപയാണ് ചെലവായത്. ചെലവായ തുകയുടെ 32 ശതമാനം രൂപ ആരോഗ്യവകുപ്പിൽ നിന്നും വാങ്ങി നൽകാമെന്ന പേരിലാണ് പല തവണയായി വിഷ്ണുവും അമ്മ ഉഷയും പ്രദീഷിന്‍റെ പക്കൽ നിന്നും പണം കൈപ്പറ്റിയത്. പലതവണയായി അഞ്ചര ലക്ഷം രൂപ ഇവർ വാങ്ങിയെടുത്തു.
തട്ടിപ്പ് മനസിലാക്കിയ പ്രദീഷ് നൽകിയ പരാതിയിൽ പീരുമേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഏറ്റുമാനൂരിൽ ഇവർ വാടകയ്ക്ക് താമസിക്കുക ആയിരുന്നു. വിവിധ സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള പതിനൊന്ന് കേസുകളാണ് ഇവരുടെ പേരിലുള്ളത്. നോർത്ത് പറവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാന്‍ഡിലായിരുന്ന ഇരുവരും ജാമ്യത്തിൽ പുറത്തിറങ്ങിയതിനിടയാണ് വീണ്ടും പിടിയിലായത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.