വാട്ട്സാപ്പിൽ ഒരു മെസേജ്, ഇരട്ടി ലാഭം കേട്ടതോടെ 57 ലക്ഷം കൊടുത്തു; മലയാളി യുവതിയെ പറ്റിച്ചു, 4 പേർ പിടിയിൽ


വാട്ട്സാപ്പിൽ ഒരു മെസേജ്, ഇരട്ടി ലാഭം കേട്ടതോടെ 57 ലക്ഷം കൊടുത്തു; മലയാളി യുവതിയെ പറ്റിച്ചു, 4 പേർ പിടിയിൽ


തൃശൂര്‍: ഒല്ലൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും നിക്ഷേപ തട്ടിപ്പിലൂടെ അരക്കോടിയിലധികം രൂപ ഓണ്‍ലൈന്‍ വഴി കൈക്കലാക്കിയ കേസിലെ പ്രതികൾ പിടിയിൽ.  മലപ്പുറം എടരിക്കോട് ചിതലപ്പാറ സ്വദേശി എടക്കണ്ടന്‍ വീട്ടില്‍ അബ്ദുറഹ്മാന്‍ (25), എടക്കോട് പുതുപറമ്പ് സ്വദേശി കാട്ടികുളങ്ങര വീട്ടില്‍ സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി തടത്തില്‍ വീട്ടില്‍ ജിത്തു കൃഷ്ണന്‍ (24), കാട്ടിപ്പറത്തി കഞ്ഞിപ്പുര സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ രോഷന്‍ റഷീദ് (26) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് ആണ് പ്രതികളെ പൊക്കിയത്.

വാട്ട്സ്ആപ്പിലൂടെ  'ഗോള്‍ഡ് മാന്‍ സച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതല്‍ ലാഭം വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. യുവതിയുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക്  'ഗോള്‍ഡ് മാന്‍ സച്ച്‌സ്' കമ്പനിയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരാണെന്നും ട്രേഡിംഗ്  ടിപ്പ്സ് തരാമെന്നും പറഞ്ഞാണ് യുവതിയുമായി തട്ടിപ്പ് സംഘം പരിചയപ്പെട്ടത്. പിന്നീട് ട്രേഡിംഗിന്റെ ഭാഗമായി ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും ചെയ്തു. യുവതിയില്‍ നിന്ന് കൂടുതല്‍ പണം ഉണ്ടാക്കാമെന്ന വിശ്വാസം നേടിയെടുക്കുന്നതുമായ പ്രവര്‍ത്തനങ്ങളായിരുന്നു ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്.

ഇതുകണ്ട് കമ്പനിയെ വിശ്വസിച്ച് പല ഘട്ടങ്ങളിലായി യുവതി അരക്കോടിയോളം രൂപ  നിക്ഷേപിക്കുകയായിരുന്നു. കൂടുതല്‍ വിശ്വാസം നേടിയെടുക്കുന്നതിനായി ഒരു തുക ലാഭവിഹിതമെന്ന പേരില്‍ കമ്പനി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ 57,09,620 രൂപയാണ് യുവതി നിക്ഷേപിച്ചത്. ഇങ്ങനെ യുവതിക്കു കിട്ടിയ ലാഭവിഹിതവും കഴിച്ചുള്ള  55,80,620 രൂപയാണ് തട്ടിപ്പില്‍ നഷ്ടപ്പെട്ടത്. ചതി മനസിലാക്കിയതോടെ യുവതി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍  പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാല് പ്രതികളേയും പിടികൂടിയത്.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ സുധീഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ ശ്രീഹരി, കെ ജയന്‍, അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍മാരായ വിനു പി കുര്യാക്കോസ്, എ ശുഭ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി ബി അനൂപ്, അഖില്‍ കൃഷ്ണ, ചന്ദ്രപ്രകാശ്, ഒ.ആര്‍ അഖില്‍, കെ അനീഷ്, വിനോദ് ശങ്കര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.