വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധന വിഫലം. നേരത്തെ ഇന്നത്തെ പരിശോധന അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന സ്ഥലത്ത് പരിശോധന തുടരാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെ രാത്രിയും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ സ്ഥലത്ത് തിരികെ കൊണ്ടുവന്നായിരുന്നു പരിശോധന പുനഃരാരംഭിച്ചത്.
സിഗ്‌നല്‍ ലഭിച്ച കലുങ്കിനുള്ളിലായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താനായില്ല. സിഗ്നലില്‍ കണ്ടെത്തിയ സൂചന മറ്റേതെങ്കിലും ജീവിയുടേതാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത്. ഇതോടെ രാത്രിയിലേക്ക് നീണ്ട നാലാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.
ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളെത്തിച്ചായിരുന്നു രാത്രിയിലെ പരിശോധന. വെളിച്ചം ഉള്‍പ്പെടെ സ്ഥലത്ത് സജ്ജമാക്കിയിരുന്നെങ്കിലും പരിശോധന വിജയം കണ്ടില്ല. വൈകുന്നേരം 5.30ഓടെ ആയിരുന്നു കലിങ്കിന് സമീപത്ത് നിന്ന് സിഗ്നല്‍ ലഭിച്ചത്. 50 മീറ്റര്‍ ചുറ്റളവില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു വിലയിരുത്തല്‍.
ഇതേ തുടര്‍ന്ന് സിഗ്നല്‍ ലഭിച്ച സ്ഥലത്ത് മണ്ണ് നീക്കം ചെയ്തും കലിങ്കിനുള്ളിലെ കല്ലുകള്‍ നീക്കം ചെയ്തും നടത്തിയ പരിശോധനയുടെ ഫലം നിരാശയായിരുന്നു. ഇതുവരെ 319 മൃതദേഹങ്ങളാണ് വയനാട് ദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയത്. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതദേഹങ്ങളുടെ കൈമാറ്റം, സംസ്‌കാരം തുടങ്ങിയ കാര്യങ്ങളുടെ മേല്‍നോട്ടം ശ്രീധന്യ സുരേഷ് ഐഎഎസിനാണ്.