മാക്കൂട്ടം വന മേഖലയിൽ നിന്നും എത്തിയ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു
ജനങ്ങൾ ആശങ്കയിൽ
ഇരിട്ടി : കർണ്ണാടകത്തിന്റെ മാക്കൂട്ടം വന മേഖലയിൽ നിന്നും ബാരാപോൾ പുഴ കടന്നെത്തിയ കാട്ടാന അയ്യങ്കുന്നിലെ ജനവാസമേഖലയിൽ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. ഇതോടെ മേഖലയിലെ ജനങ്ങൾ ഭീതിയിലായി. ഒരുമാസം മുൻപും ബാരാപ്പോൾ പുഴകടന്ന് എത്തിയ കാട്ടാനക്കൂട്ടം അയ്യൻകുന്നിലെ മുടിക്കയത്തെ ജനവാസ മേഖലയിൽ വൻ നാശം വരുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ മുടിക്കയത്ത് വീടുകൾക്ക് സമീപം വരെ എത്തിയ കൊമ്പൻ കാർഷിക വിളകൾക്ക് വലിയ നാശമാണ് വരുത്തിയത്. പ്രദേശത്തെ കൊല്ലറാം ജോജോ ,കൊല്ലറാം ബാബു , അലാനിക്കൽ ബാസ്റ്റി എന്നവരുടെ കൃഷിയിടങ്ങളിലാണ് വലിയ നാശം വരുത്തിയത്. വാഴ, തെങ്ങ്, കമുങ്ങ്, മരച്ചീന ഉൾപ്പെടെയുള്ള വിളകളാണ് നശിപ്പിച്ചത് .
അടുത്ത ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ ബാരാപ്പോൾ പുഴയിലുണ്ടായ കുത്തൊഴുക്ക് കണക്കിലെടുക്കാതെ ഇതിനെ മറികടന്നാണ് ആന പുഴ കടന്ന് ജനവാസ മേഖലയിലേക്ക് എത്തിയത്. കനത്ത മഴയായതിനാൽ വീടിന്റെ മുറ്റത്ത് വരെ എത്തി ആന വിളകൾ നശിപ്പിക്കുന്നതിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. കനത്ത മഴമൂലം മേഖലയിൽ കാർഷിക വിളകൾക്കും വ്യാപക നാശം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടാനയും വലിയ ഭീഷണിയായിരിക്കുന്നത്. മുൻപ് കർണ്ണാടകത്തിൽ നിന്നും പുഴകടന്ന് കാട്ടാനകളെതിയപ്പോൾ ഇതിനെ പ്രതിരോധിക്കാൻ നടപടിയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുക്കാർ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഡി എഫ് ഒ ഉൾപ്പെടെയുള്ള ഉന്നതതല സംഘം എത്തി ജനപ്രതിനിധികളുമായും കർഷകരുമായി നടത്തിയ താർച്ചയിൽ പ്രതിരോധ സംവിധാനം ഉണ്ടാക്കാമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും തുടർ നടപടികൽ ഒന്നും ഉണ്ടായിട്ടില്ല.
മാക്കൂട്ടം വനത്തിൽ നിന്നും പുഴകടന്ന് എത്തുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ അതിർത്തിയിൽ സോളാർ തൂക്കുവേലി നിർമ്മിക്കാമെന്ന ആവശ്യമാണ് കർഷകർ ഉയർത്തുന്നത്. വേലിയുടെ നിർമ്മാണം ഏറ്റെടുക്കാമെന്ന് കെ പി എച്ച് സി സി റിപ്പോർട്ട് നൽകിയെങ്കിലും ടെണ്ടർ നടപടികളിലേക്ക് ഇതുവരെ നീങ്ങിയിട്ടില്ല. 52 ലക്ഷം രൂപ ചിലവ് വരുന്ന പദ്ധതിയുടെ നടത്തിപ്പുമായി സഹകരിക്കുന്നതിന് സ്ഥലം ഉടമകളുടെ യോഗവും നേരത്തെ നടന്നിരുന്നു. ആനയുടെ ആക്രമണം ദിനം പ്രതി വർദ്ധിച്ചുവന്നിട്ടും തൂകുവേലി നിർമ്മാണം വൈകുന്നതിൽ വീണ്ടും നാട്ടുകാരിൽ പ്രതിഷേധം ശക്തമാവുകയാണ്.