കല്‍പ്പറ്റ: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഇന്നും തെരച്ചിലില്‍ ശരീരഭാഗങ്ങള്‍ കിട്ടി. ചാലിയാര്‍ പുഴയില്‍ നിന്നും വെളളാറമല ഭാഗത്തു നിന്നും ഇന്നും ശരീരഭാഗങ്ങള്‍ കണ്ടെത്തി. അതേസമയം ദുരന്തമുണ്ടായി രണ്ടാഴ്ച പിന്നിട്ടപ്പോഴും നൂറിലധികം മൃതദേഹങ്ങളാണ് ഇനിയും കണ്ടെത്താനുള്ളത്. തെരച്ചില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. ദുരന്തമേഖലയില്‍ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു.
ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് വെള്ളാറമലയില്‍ നിന്നും ശരീരഭാഗം കിട്ടിയത്. വെള്ളാര്‍മല സ്‌കൂള്‍റോഡിന് സമീപത്ത് വീട് തകര്‍ന്ന പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ശരീരഭാഗം കിട്ടിയത്. വീടിനോട് ചേര്‍ന്നുള്ള പ്രദേശത്ത് ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് ശരീരഭാഗം കണ്ടെത്തിയത്. നേരത്തേ ചാലിയാറില്‍ നടന്ന തെരച്ചിലില്‍ രണ്ടു ശരീരഭാഗങ്ങള്‍ കിട്ടിയിരുന്നു. ദുരന്തം നടന്ന മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് കഴിഞ്ഞ ദിവസം വെയില്‍ വീണതിനാല്‍ ചെളി ഏറെക്കുറെ ഉറച്ച നിലയിലാണ്. ഇവിടെ നിന്നും ലഭിക്കുന്ന മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായിരിക്കുമെന്നും കരുതുന്നു.
ഡിഎന്‍എ പരിശോധനാ ഫലങ്ങളും ലഭിച്ചു തുടങ്ങിയതായി വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിവരങ്ങള്‍ കാര്യമായി പുറത്തുവിട്ടിട്ടില്ല. ദുരന്തത്തില്‍ ചെറിയ പരിക്കുള്ളവരില്‍ പലരും ആശുപത്രി വിട്ടിട്ടുണ്ട്. സ്‌കൂളുകളിലെ ക്ലാസ്സ് തുടങ്ങേണ്ട സാഹചര്യമുള്ളതിനാല്‍ ക്യാംപിലുള്ളവരെ ഉടന്‍ മാറ്റേണ്ടി വരും. ഭവനരഹിതരായവര്‍ക്ക് വേഗത്തില്‍ വാടകവീടുകള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.