കൽപ്പറ്റ: വയനാട്ടിലെ ദുരന്തമേഖലയിൽ സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം നിർത്തലാക്കിയതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍. ഡിസാസ്റ്റര്‍ ടൂറിസം പോലെ ഡിസാസ്റ്റര്‍ പിആറും വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തുറന്നടിച്ചു. വൈറ്റ് ഗാർഡിൻ്റെ ക്യാൻ്റീൻ നിർത്തിച്ചതിൽ ഒരു രാഷ്ട്രീയമുണ്ട്. ദുരന്തത്തിനിടയിൽ പി ആർ വർക്ക് സർക്കാർ അവസാനിപ്പിക്കണം. ദുരന്തഭൂമിയിൽ നിന്ന് രാഷ്ട്രീയ നെറികേട് കാണിക്കരുത്. ദുരന്തമേഖലയിൽ യൂത്ത് കോൺഗ്രസിൻ്റെ സന്നദ്ധ പ്രവർത്തകരെ തടയുന്നു. എന്നാൽ ഡിവൈഎഫ്ഐ പ്രവർത്തകരെ കടത്തിവിടുന്നു.
മറ്റെല്ലാവരും രാഷ്ട്രീയത്തിന് അതീതമായി സർക്കാരിനൊപ്പം നിൽക്കുന്ന വേളയിൽ സർക്കാർ പക്ഷപാതിത്വം കാണിക്കുന്നു. ഇവിടെ ഡിസാസ്റ്റർ ടൂറിസവും വേണ്ട ഡിസാസ്റ്റർ പി ആർ വേണ്ട. ആദ്യം ഓടിയെത്തുന്നവന് ട്രോഫി എന്ന പരിപാടി അവസാനിപ്പിക്കണം. ഭക്ഷ്യസുരക്ഷയെ കുറിച്ചാണ് സർക്കാർ പറയുന്നത്. എന്നാൽ ഇവിടെ സർക്കാർ കൊടുത്ത ബ്രെഡ് കാലാവധി കഴിഞ്ഞതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. ഭക്ഷ്യ സുരക്ഷാ പ്രശ്നമുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി തന്നെ പറഞ്ഞതില്‍ സംശയമുണ്ടെന്ന് യൂത്ത് ലീഗ് അധ്യക്ഷന്‍ പി.കെ.ഫിറോസും ആരോപിച്ചു.ഭക്ഷണത്തിൽ ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും പി.കെ.ഫിറോസ് പ്രതികരിച്ചു.