ആരെയും മാറ്റി നിർത്താനോ വിലക്കാനോ കഴിയില്ല, നിങ്ങൾക്ക് അവരെ ബഹിഷ്‌ക്കരിക്കാം': രൺജി പണിക്കർ

ആരെയും മാറ്റി നിർത്താനോ വിലക്കാനോ കഴിയില്ല, നിങ്ങൾക്ക് അവരെ ബഹിഷ്‌ക്കരിക്കാം': രൺജി പണിക്കർ


ആലപ്പുഴ: എല്ലാ മേഖലയിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടെന്നും റിപ്പോർട്ട് വന്നശേഷം സിനിമ മേഖലയിലേത് കൂടുതൽ ശ്രദ്ധയാകർഷിച്ചുവെന്നും നടനും സംവിധായകനുമായ രൺജി പണിക്കർ. നിയമസാധ്യത പരിശോധിക്കേണ്ടത് സർക്കാരാണ്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ചത് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്നും രൺജി പണിക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. 

രഞ്ജിത്തിന്റെ രാജി സമ്മർദ്ദത്തിന്റെ പുറത്ത് ആണെന്ന് കരുതുന്നില്ല. ആരെയും മാറ്റി നിർത്താനോ വിലക്കാനോ കഴിയില്ല. നിങ്ങൾക്ക് അവരെ ബഹിഷ്‌ക്കരിക്കാം. ഹേമ റിപ്പോർട്ടിൽ എടുത്ത് ചാടിയുള്ള നടപടികൾ അല്ല വേണ്ടത്. നീതി ഉറപ്പാക്കണ്ട എന്ന നിലപാട് ആർക്കുമില്ല. ഇപ്പോൾ അവർ ആരോപണ വിധേയർ മാത്രമാണ്. സത്യം എന്തെന്ന് കാലം തെളിയിക്കട്ടെയെന്നും രൺജി പണിക്കർ പറഞ്ഞു. 

ബംഗാളി നടിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചത്. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു ബംഗാൾ നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു. 

അതേസമയം, ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ധിഖ് രാജിവെച്ചു. സിദ്ധിഖിനെതിരെ കേസ് എടുക്കാന്‍ സർക്കാർ ആലോചിക്കുന്നുണ്ട്.