ഒപ്പിടാൻ സമ്മതിക്കാം, കവിളത്ത് ഉമ്മ തരണം; അധ്യാപകൻ അധ്യാപികയോട് വീഡിയോ വൈറൽ, സംഭവം യുപിയിൽ


ഒപ്പിടാൻ സമ്മതിക്കാം, കവിളത്ത് ഉമ്മ തരണം; അധ്യാപകൻ അധ്യാപികയോട് വീഡിയോ വൈറൽ, സംഭവം യുപിയിൽ


സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എല്ലാ കാലത്തും ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അത് പലതരത്തിലാകാം. ശാരീരികമായി അക്രമിക്കുന്നത് മാത്രമല്ല സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, അവരെ ഭീഷണിപ്പെടുത്തുക, തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുക, അധികാരമുപയോ​ഗിച്ച് സമ്മർദ്ദം ചെലുത്തുക എല്ലാം അതിൽ പെടും. ഇത്തരം അതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും കാര്യത്തിൽ എല്ലാ മേഖലയിലുള്ള പുരുഷന്മാരെയും കാണാം. അതുപോലെ, ഒരധ്യാപകൻ അധ്യാപികയോട് മോശമായി സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

വീഡിയോ വൈറലായി മാറിയതോടെ വലിയ വിമർശനമാണ് അധ്യാപകനെതിരെ ഉയർന്നിരിക്കുന്നത്. സംഭവം നടന്നത് ഉത്തർ പ്രദേശിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു അധ്യാപകനെയാണ്. ഒരു അധ്യാപിക ഒപ്പിടാൻ വന്നതാണ് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്. അധ്യാപകൻ ഇവരോട് പറയുന്നത് ഒപ്പിടാൻ സമ്മതിക്കാം. പക്ഷേ, അതിന് ഒരു കണ്ടീഷനുണ്ട് എന്നാണ്. എന്താണ് അത് എന്ന് ചോദിക്കുമ്പോൾ പറയുന്നത് അയാളുടെ കവിളത്ത് ഉമ്മ കൊടുക്കണം എന്നാണ്. 

തന്റെ കണ്ടീഷൻ അം​ഗീകരിച്ചാൽ പല കാര്യങ്ങളും എളുപ്പമാവും എന്നും ഇയാൾ അധ്യാപികയോട് പറയുന്നുണ്ട്. എന്നാൽ, ഉമ്മ കൊടുക്കണം എന്ന് പറഞ്ഞു കേട്ടതോടെ അധ്യാപിക പ്രതികരിക്കുന്നുണ്ട്. താൻ ഒരിക്കലും ഈ ഉപാധി അം​ഗീകരിക്കില്ല എന്നും ഇതൊന്നും ശരിയല്ല എന്നുമാണ് അധ്യാപിക അധ്യാപകനോട് പറയുന്നത്. മറുപടിയായി അയാൾ ചിരിക്കുന്നത് കാണാം. 

വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. ഇത് വലിയ ചർച്ചയ്ക്കും വിമർശനത്തിനും ഒക്കെ വഴിവെച്ചു. ഈ അധ്യാപകനെ എത്രയും പെട്ടെന്ന് തന്നെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്നും അയാൾക്കെതിരെ കർശനമായ നടപടികൾ തന്നെ എടുക്കണമെന്നും ആളുകൾ ആവശ്യപ്പെട്ടു.