കൈയിലേക്ക് തുപ്പിയ ശേഷം ഫേസ് മസാജ്, ഒന്നുമറിയാതെ ഉപഭോക്താവ്; ബാർബ‍ർ അറസ്റ്റിൽ, കട ഇടിച്ചുനിരത്തി യു.പി അധികൃതർ

കൈയിലേക്ക് തുപ്പിയ ശേഷം ഫേസ് മസാജ്, ഒന്നുമറിയാതെ ഉപഭോക്താവ്; ബാർബ‍ർ അറസ്റ്റിൽ, കട ഇടിച്ചുനിരത്തി യു.പി അധികൃതർ


കാൺപൂർ: ബാർബർ ഷോപ്പിൽ ഉപഭോക്താവിന്റെ മുഖം മസാജ് ചെയ്യുന്നതിനിടെ കൈകളിലേക്ക് തുപ്പുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടയുടമ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കന്നൂജിലാണ് സംഭവം. രണ്ടാഴ്ച് മുമ്പാണ് സംഭവം നടന്നതെങ്കിലും വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് നടപടിയെടുത്തത്. ഇതിനിടെ ഇയാളുടെ ബാർബർ ഷോപ്പ് അനിധികൃത കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് കാണിച്ച് അധികൃതർ ഇടിച്ചുനിരത്തുകയും ചെയ്തു.

കന്നൂജ് സ്വദേശിയായ യൂസുഫ് എന്നയാളാണ് അറസ്റ്റിലായത്. വീഡിയോ ഇയാൾ തന്നെ ചിത്രീകരിച്ചതാണെന്നാണ് സൂചന. കസേരയിൽ ചാരിയിരിക്കുന്ന ഉപഭോക്താവ് കണ്ണുകൾ അടച്ചിരിക്കുകയാണ്. മുഖത്ത് ക്രീം തേയ്ക്കുകയും അതിനിടെ ഒന്നിലേറെ തവണ ബാ‍ർബർ തന്റെ കൈയിൽ തുപ്പുന്നതും ഉമിനീർ കൂടി ഉപഭോക്താവിന്റെ മുഖത്ത് തേയ്ക്കുന്നതും കാണാം. ഇതിനിടെ ഇയാൾ ക്യാമറയിലേക്ക് നോക്കുകയും ചെയ്യുന്നുണ്ട്. ഒടുവിൽ ഇതൊന്നും അറിയാതെ കണ്ണ് തുറക്കുന്ന ഉപഭോക്താവ് ചിരിക്കുന്നുമുണ്ട്. 

രണ്ടാഴ്ച പഴക്കമുള്ള വീഡിയോ പുറത്തുവന്നതിനി പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നു. തൽഗ്രാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നും സ്വമേധയാ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണെന്നും ജില്ലാ പൊലീസ് മേധാവി അമിത് കുമാർ ആനന്ദ് പറഞ്ഞു. പിന്നാലെ ഒളിവിൽ പോയ ബാർബറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ചില സംഘടനകൾ ബാർബർ ഷോപ്പിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ഇതിനിടെ ബാർബർ ഷോപ്പ് സ‍ർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ചതാണെന്ന് കാണിച്ച് അധികൃതർ പൊളിച്ചുനീക്കി. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിക്കുകയാണെന്നും പിന്നീട് പൊലീസ് അറിയിച്ചു.