മലപ്പുറത്ത് നിന്ന് മോഷ്ടിച്ച സാധനങ്ങളുമായി കോഴിക്കോടെത്തി; സംശയം തോന്നി പൊലീസ് പരിശോധന, യുവാക്കൾ അറസ്റ്റിൽ


മലപ്പുറത്ത് നിന്ന് മോഷ്ടിച്ച സാധനങ്ങളുമായി കോഴിക്കോടെത്തി; സംശയം തോന്നി പൊലീസ് പരിശോധന, യുവാക്കൾ അറസ്റ്റിൽ


കോഴിക്കോട്: താമരശ്ശേരിയില്‍ മോഷണ ശ്രമത്തിനിടെ നാലു യുവാക്കൾ പിടിയില്‍. മലപ്പുറം പോത്തുകല്ല് സ്വദേശി ദേവന്‍, ബാലുശ്ശേരി സ്വദേശി വീരന്‍, വയനാട് കമ്പളക്കാട് സ്വദേശി ചെറുവാടിക്കുന്ന് അജു, പൂനത്ത് കുളങ്ങര സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്. താമരശ്ശേരി പൊലീസ് നടത്തിയ നൈറ്റ് പട്രോളിംഗിനിടയിലാണ് മോഷണ സംഘം പിടിയിലായത്. മലപ്പുറത്ത് നിന്ന് മോഷ്ടിച്ച സാധനങ്ങളുമായാണ് ഇവർ കോഴിക്കോടെത്തിയത്. 

അമ്പായത്തോട് വെച്ച് പൊലീസിനെ കണ്ടപ്പോള്‍ പിക് അപ് വാനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടത്താനാണ് ഇവരെത്തിയതെന്ന് മനസിലായത്. പരിശോധനയിൽ ഇവരുടെ വാഹനത്തില്‍ നിന്നും വെല്‍ഡിംഗ് മെഷീൻ, പമ്പു സെറ്റുകള്‍, വാഹനങ്ങളുടെ റേഡിയേറ്റര്‍, സ്പാനര്‍, സ്ക്രൂ ഡ്രൈവര്‍ തുടങ്ങിയവ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വണ്ടിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മലപ്പുറത്ത് നിന്നും മോഷ്ടിച്ചു കൊണ്ടു വരികയാണെന്ന് വ്യക്തമായത്.