ന്യൂഡൽഹി
മുസ്ലിം വിഭാഗത്തിനെതിരെ വർഗീയ പരമാർശങ്ങൾ രൂക്ഷമാക്കി അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വസർമ. അസം പ്രളയത്തിന് കാരണം മേഘാലയയിലുള്ള മുസ്ലിം വിഭാഗത്തിന്റെ സയൻസ് ആൻഡ് ടെക്നോളജി മേഘാലയ (യുഎസ്ടിഎം) സർവകലാശാലയാണെന്ന് ഹിമന്ദ ആരോപിച്ചു. "പ്രളയജിഹാദാ'ണ് ഈ സർവകലാശാലയെന്നും വനം നശിപ്പിച്ചും കുന്നിടിച്ചുമാണ് ക്യാമ്പസ് നിർമിച്ചതെന്നും ഇതാണ് അസമിൽ മിന്നൽ പ്രളയത്തിന് കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാന ഗേറ്റിലെ മൂന്ന് മിനാരങ്ങൾ മക്കയെപ്പോലെയാണ്. ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് അസമിൽ ജോലിയില്ലെന്നും ജോലിക്കായി പ്രത്യേകപരീക്ഷ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയിലെ റി-–ബോയ് ജില്ലയിൽ അസം അതിർത്തിക്കടുത്താണ് വടക്ക് കിഴക്കിലെ ആദ്യ സ്വകാര്യ ശാസ്ത്ര സർവകലാശാലയായ യുഎസ്ടിഎം.
ഭരണഘടന നൽകുന്ന അവകാശത്തെയും ഫെഡറൽ തത്വങ്ങളെയും പരസ്യമായി വെല്ലുവിളിക്കുന്നതാണ് ബിജെപി മുഖ്യമന്ത്രിയുടെ പരമാർശങ്ങൾ. ഹിമന്ദയുടെ മണ്ഡലമായ മന്ദകട്ടയിൽ അനധികൃത കുന്നിടിക്കൽ ഉന്നയിച്ച മാധ്യമപ്രവർത്തകനായ ഷാ ആലത്തിന് നേർക്കും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിദ്വേഷം ചൊരിഞ്ഞു. പാകിസ്ഥാൻ നേതാവ് മഹ്ബുബുൾ ഹഖും ആലമും ഒരേപോലെയാണെന്നായിരുന്നു ആക്ഷേപം.
മുസ്ലിം പുരോഹിതർക്ക് വിവാഹം
രജിസ്റ്റർ ചെയ്തു നല്കാനാകില്ല
വിവാഹം രജിസ്റ്റർ ചെയ്യാനും വിവാഹമോചനം അനുവദിക്കാനുമുള്ള മുസ്ലിം പുരോഹിതരുടെ മതപരമായ അവകാശം എടുത്തുകളയുന്ന ബില്ലിന് അസം മന്ത്രിസഭ അംഗീകാരം നൽകി. വ്യാഴാഴ്ച നിയമസഭ സമ്മേളനത്തിൽ മുസ്ലിം വിവാഹം, വിവാഹമോചനം എന്നിവയുടെ നിർബന്ധിത രജിസ്ട്രേഷൻ ബിൽ 2024 ബിൽ അവതരിപ്പിക്കും. ഖാസിമാർക്ക് വിവാഹം രജിസ്റ്റർ ചെയ്യാനും വിവാഹമോചനം നൽകാനുള്ള അവകാശം ഇനിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സർമ പറഞ്ഞു. ശൈശവ വിവാഹം ഇല്ലാതാക്കാനാണ് ബില്ലെന്നാണ് അവകാശവാദം. ഇതിന്റെ ഭാഗമായി അസം മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം 1935 റദ്ദാക്കുന്ന ബില്ലിന് അംഗീകാരം നൽകിയിരുന്നു.