യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് പറിച്ചു; കസ്റ്റഡിയിലായിരുന്ന പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു

യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് പറിച്ചു; കസ്റ്റഡിയിലായിരുന്ന പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു




പത്തനംതിട്ട: തിരുവല്ലയിൽ യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തിൽ കസ്റ്റഡിയിലായിരുന്ന പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ (28) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പ്രതി രക്ഷപ്പെട്ടത്. കുറ്റപ്പുഴ അമ്പാടി വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സവീഷ് സോമൻ (35)നെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സുബിൻ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

തിരുവല്ല ന​ഗരത്തിലെ ബാർ പരിസരത്തുവെച്ച് ഇന്നലെ വൈകിട്ട് ആറുമണിയോടെ ഇരുവരും തമ്മിൽ നടന്ന അടിപിടിക്കിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിവന്ന സുബിൻ സവീഷിന്റെ മൊബൈൽ ഫോൺ വാങ്ങി. അൽപ്പ സമയത്തിന് ശേഷം സവീഷ് മൊബൈൽ ഫോൺ തിരികെ ആവശ്യപ്പെട്ടു. എന്നാൽ മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ 3000 രൂപ നൽകണമെന്ന് സുബിൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഈ തർക്കം അടിപിടിയിൽ എത്തുകയും പിന്നീട് അത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. ജനനേന്ദ്രിയത്തിന് ​ഗുരുതരമായ പരിക്കേറ്റ സവീഷിനെ ഉടനെ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഉടനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

സംഭവത്തെ തുടർന്ന് സവീഷ് നൽകിയ പരാതിയിൽ രാത്രി പത്തരയോടെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസെടുക്കുന്നതിന് മുൻപേ സുബിൻ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊർജിതമാക്കിയതായും എസ്എച്ച്ഒ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു. വീട് കയറിയുള്ള ആക്രമണം അടക്കം ഒട്ടനവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ് സുബിൻ. സുബിനെ 2023ൽ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. തിരികെയെത്തിയിട്ടും നിരവധി കേസുകളിൽ പ്രതിയായി.