പ്രളയത്തിലും മണ്ണിടിച്ചിലിലും ആയിരങ്ങൾ മരിച്ചു; 30 ഉദ്യോ​ഗസ്ഥരെ തൂക്കിലേറ്റി കിം ജോങ് ഉൻ

പ്രളയത്തിലും മണ്ണിടിച്ചിലിലും ആയിരങ്ങൾ മരിച്ചു; 30 ഉദ്യോ​ഗസ്ഥരെ തൂക്കിലേറ്റി കിം ജോങ് ഉൻ


പോങ്യാങ്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിനാൽ 30 ഉദ്യോ​ഗസ്ഥരെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ വധിക്കാൻ ഉത്തരവിട്ടതായി ദക്ഷിണ കൊറിയൻ മാധ്യമ റിപ്പോർട്ട് ചെയ്തു. ഇവരുടെ ശിക്ഷ നടപ്പാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രകൃതി ദുരന്തത്തിൽ ആയിരത്തോളം പേരാണ് ഉത്തരകൊറിയയിൽ മരിച്ചത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങൾക്ക് ഉത്തരവാദികളെന്ന് കരുതുന്നവരെയാണ് വധശിക്ഷക്ക് വിധേയമാക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി, കൃത്യനിർവ്വഹണം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് വിവരം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2019 മുതൽ ചാഗാംഗ് പ്രവിശ്യാ പാർട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ്-ഹൂണും ഉൾപ്പെടുന്നുവെന്ന് ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു. ജൂലൈയിലാണ് ഉത്തരകൊറിയയിൽ കനത്ത മഴ പെയ്ത് വെള്ളപ്പൊക്കമുണ്ടായത്. 4,000-ത്തിലധികം വീടുകളെ ബാധിക്കുകയും 15,000 താമസക്കാരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. കിം ജോങ് ഉൻ തന്നെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും പ്രളയത്തിൽ പൂർണമായും മുങ്ങിയ സമീപപ്രദേശങ്ങൾ പുനർനിർമിക്കാനും പുനഃസ്ഥാപിക്കാനും മാസങ്ങളെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

അമ്മമാർ, കുട്ടികൾ, പ്രായമായവർ, വികലാംഗരായ സൈനികർ തുടങ്ങിയ ദുർബല വിഭാഗങ്ങൾ ഉൾപ്പെടെ 15,400 പേർക്ക് പ്യോങ്‌യാങ്ങിൽ സർക്കാർ അഭയം നൽകി.  വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം കൂടുതലാണെന്ന റിപ്പോർട്ടുകൾ ഉത്തര കൊറിയൻ നേതാവ് നിഷേധിച്ചു. ഉത്തരകൊറിയയുടെ പ്രശസ്തിക്ക് കോട്ടം തട്ടാൻ വേണ്ടിയുള്ള ബോധപൂർവമായ ഭാ​ഗമായാണ് ദക്ഷിണ കൊറിയ കിംവദന്തികൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കൊറിയ ടൈംസ് പറയുന്നതനുസരിച്ച്, കൊവിഡിന് ശേഷം ഉത്തരകൊറിയയിൽ വധശിക്ഷ വർധിച്ചു.