4ജി വ്യാപനം വേഗത്തിലാക്കാന്‍ ബിഎസ്എന്‍എല്ലിന് വീണ്ടും കൈത്താങ്ങ്; കേന്ദ്രം 6000 കോടി രൂപ കൂടി നല്‍കും


4ജി വ്യാപനം വേഗത്തിലാക്കാന്‍ ബിഎസ്എന്‍എല്ലിന് വീണ്ടും കൈത്താങ്ങ്; കേന്ദ്രം 6000 കോടി രൂപ കൂടി നല്‍കും


ദില്ലി: ബിഎസ്എന്‍എല്‍ 4ജി വ്യാപനത്തിലെ കാലതാമസം പരിഹരിക്കാന്‍ പുതിയ നീക്കം. 4ജി വ്യാപനം വേഗത്തിലാക്കാന്‍ 6000 കോടി രൂപ കൂടി ബിഎസ്എന്‍എല്ലിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെന്ന് ഇക്കണോമിക്‌ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

രാജ്യത്ത് വൈകിയാരംഭിച്ച ബിഎസ്എന്‍എല്‍ 4ജി വിന്യാസം പുരോഗമിക്കുകയാണ്. എന്നാല്‍ ഇതുവരെ ബിഎസ്എന്‍എല്ലിന്‍റെ എത്ര 4ജി ടവറുകള്‍ തയ്യാറായി എന്ന കണക്കുകള്‍ കൃത്യമായും ലഭ്യമല്ല. 4ജി ഉപകരണങ്ങള്‍ വിന്യസിക്കുന്നതിനായാണ് ആറായിരം കോടി രൂപ കൂടി ബിഎസ്എന്‍എല്ലിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഇതിലൂടെ 4ജി വിന്യാസം കൂടുതല്‍ വേഗത്തിലാവും എന്ന് ടെലികോം മന്ത്രാലയം കണക്കുകൂട്ടുന്നു. ബിഎസ്എന്‍എല്ലിന് അധിക ഫണ്ട് നല്‍കുന്നതിന്‍റെ അനുമതിക്കായി കേന്ദ്ര ക്യാബിനറ്റിനെ ടെലികോം മന്ത്രാലയം ഉടന്‍ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. 2019ന് മുതലുള്ള ഉത്തേജക പദ്ധതികളുടെ ഭാഗമായി ഇതിനകം 3.22 ട്രില്യണ്‍ രൂപ ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനും കേന്ദ്ര സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. സ്വകാര്യ ടെലികോം നെറ്റ‌്‌വര്‍ക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഎസ്എന്‍എല്‍ 4ജി വ്യാപനം വളരെ പിന്നിലാണ്. ഒരു ലക്ഷം 4ജി ടവറുകള്‍ എന്ന ബിഎസ്എന്‍എല്‍ സ്വപ്നം പൂര്‍ത്തിയാവാന്‍ 2025 മധ്യേ വരെ കാത്തിരിക്കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. 2024 ദിപാവലിയോടെ 4ജി വിന്യാസം പൂര്‍ത്തിയാക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. 

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം സേവനദാതാക്കള്‍ക്ക് ഇതിനകം 4ജി രാജ്യത്തുണ്ട്. ബിഎസ്എന്‍എല്‍ 4ജി സേവനം ആരംഭിക്കാന്‍ ഏറെ വൈകിയത് പൊതുമേഖല നെറ്റ്‌വര്‍ക്കില്‍ നിന്ന് ഏറെ ഉപഭോക്താക്കളെ അകറ്റിയിരുന്നു. സ്വകാര്യ കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ബിഎസ്എന്‍എല്ലിലേക്ക് ആളുകള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.