കുഞ്ഞിനെ കൊന്നത് അമ്മയുടെ ആണ്‍ സുഹൃത്ത്, ഭർത്താവെന്ന വ്യാജേന ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നു


കുഞ്ഞിനെ കൊന്നത് അമ്മയുടെ ആണ്‍ സുഹൃത്ത്, ഭർത്താവെന്ന വ്യാജേന ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നു 


ആലപ്പുഴ: ചേർത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ ആണ്‍ സുഹൃത്ത്  രതീഷാണെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവ് എന്ന വ്യാജേന ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നു. കുഞ്ഞിനെ വീട്ടിൽ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊന്നു . അമ്മയും കുഞ്ഞും ആശുപത്രി വിട്ടത് 31 നായിരുന്നു.ആശുപത്രി വിട്ടതോടെ ആശ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറി. രാത്രി ഏറെ വൈകിയാണ് ഇരുവരും പിരിഞ്ഞത് . അന്ന് തന്നെ വീട്ടിലെത്തി കൊലനടത്തി. കുഞ്ഞിനെ അനാഥാലയത്തിൽ നൽകുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി. കുഞ്ഞ് രതീശിന്റേതാണ് എന്ന് ഭർത്താവിനോട് പറഞ്ഞതോടെ കുഞ്ഞില്ലാതെ വന്നാൽ മതിയെന്ന് ആശയുടെ ഭർത്താവ് പറഞ്ഞുവെന്നും മൊഴിയുണ്ട്. 

ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിന്‍റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു.


രാത്രിയോടെ കേസില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവര്‍ക്കുമെതിരെ കൊലപാതക കുറ്റവും പൊലീസ് ചുമത്തി. കുഞ്ഞിന്‍റെ അമ്മ ആശ മനോജ് ആണ് ഒന്നാം പ്രതി. ഇവരുടെ ആണ്‍ സുഹൃത്ത് രതീഷ് രണ്ടാം പ്രതിയാണ്. ചേര്‍ത്തലയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ ആശയും ആൺസുഹൃത്ത് രതീഷും ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് പ്രതികളായ രതീഷിനെയും ആശയെയും രതീഷിന്‍റെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയത്. വീടിന്‍റെ സമീത്തും കുറ്റിക്കാട്ടിലും ഉള്‍പ്പെടെ പരിശോധന നടത്തി. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.