ഓടിക്കൊണ്ടിരുന്ന ബസിൽ മരുമകനെ കൊലപ്പെടുത്തി ദമ്പതികൾ. മഹാരാഷ്ട്രയിലെ കോലാപുരിലാണ് സംഭവം. ഭർത്താവ് തന്നെ നിരന്തരമായി ഉപദ്രവിക്കുന്നെന്ന മകളുടെ പരാതിക്ക് പിന്നാലെയാണ് ദമ്പതികൾ മരുമകനെ കൊലപ്പെടുത്തിയത്. സന്ദീപ് ഷിർഗാവെ (35) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ ഹനുമന്തപ്പ കാളെ, ഭാര്യ ഗൗരവ കാളെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മകൾ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതോടെ മരുമകനെ കൊലപ്പെടുത്താൻ തീരുമാനിച്ച ദമ്പതികൾ കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ സന്ദീപിനൊപ്പം കയറി. പിന്നീട് സന്ദീപ് ഉറങ്ങിയ സമയം നോക്കി പാന്റിന്റെ നാട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആ സമയം ഇവരെ കൂടാതെ രണ്ടുപേർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. മൃതദേഹം കോലാപുർ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു. സന്ദീപിനെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതും ദമ്പതികളെ അറസ്റ്റ് ചെയ്തതും