ബോംബ് ഭീഷണി ; ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു
മദ്ധ്യപ്രദേശ്: ജബൽപ്പൂരിൽ നിന്നും ഹൈദരാബാദിലേക്കുപോയ ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് നാഗ്പൂരിലേക്ക് വഴിതിരിച്ചു വിട്ടു. ഞാറാഴ്ച ഉച്ചയോടെ നടന്ന സംഭവം ഇൻഡിഗോ തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.നാഗ്പ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷം എല്ലാ യാത്രക്കാരെയും പുറത്തിറക്കി ആവശ്യമായ പരിശോധനകൾ നടത്തിയെന്നും, യാത്രക്കാർക്ക് മതിയായ സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു. പേപ്പറിൽ എഴുതിയ ബോംബ് ഭീഷണി വിമാനത്തിലെ ടോയ്ലെറ്റിൽ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. വിമാനത്തിൽനിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് സുരക്ഷാ ഉദ്യാഗസ്ഥർ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനം യാത്ര തുടർന്നു.