വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല സ്‌കൂളുകളിലെ വിദ്യാർഥികളുടെ പ്രവേശനോത്സവം ഇന്ന്. വർണാഭമായ ചടങ്ങുകളോടെയാണ് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുനഃപ്രവേശനോത്സവം നടക്കുക. രാവിലെ പത്തുമണിക്ക് മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വെള്ളാർമല സ്കൂളിലെ 546 കുട്ടികൾക്കും മുണ്ടക്കൈ സ്കൂളിലെ 61 കുട്ടികൾക്കുമാണ് അധികസൗകര്യം ഒരുക്കിയിരിക്കുന്നത്.
ഒരു മാസത്തിനുശേഷം അവർ ഇന്ന് വീണ്ടും സ്കൂളുകളിലേക്ക് എത്തുകയാണ്. ജൂലൈ 31ന് പുലർച്ചെ നിനച്ചിരിക്കാതെ വന്ന ഉരുൾ ദുരന്തം മറ്റെല്ലാറ്റിനുമൊപ്പം തങ്ങൾക്കേറെ പ്രിയപ്പെട്ട ചില സഹപാഠികളെയും സ്കൂളുകളെയുമാണ് ഇല്ലാതാക്കിയത്. വെള്ളാര്‍മലയിലെ സ്കൂൾ ഇനി മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈയിലെ ജി.എല്‍.പി സ്കൂൾ മേപ്പാടി എ.പി.ജെ ഹാളിൽ സജ്ജീകരിച്ച ക്ലാസ്സ് റൂമുകളിലുമാണ് പ്രവര്‍ത്തിക്കുക.
മന്ത്രിമാരായ കെ രാജൻ, പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും. ദുരിതബാധിതരായ തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിന്റെ ധനസഹായവും ഇന്ന് വിതരണം ചെയ്യും. ഉരുൾപൊട്ടലിൽ നഷ്ടമായ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ വിതരണം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും. റവന്യു മന്ത്രി കെ രാജൻ പാഠപുസ്തകങ്ങളുടെ വിതരണവും, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പഠനോപകരണവിതരണവും യൂണിഫോം വിതരണം വനംവന്യജീവി മന്ത്രി എ കെ ശശീന്ദ്രനും നിർവ്വഹിക്കും.